Share this Article
വീണ്ടും വൈഭവം പുറത്തെടുത്ത് വൈഭവ്; വെടിക്കെട്ട് ബാറ്റിംഗ്; ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍
വെബ് ടീം
posted on 06-12-2024
1 min read
asia cup

ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍. ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യ സെമിയിൽ പാകിസ്ഥാനെ തകർത്ത് ബംഗ്ലാദേശ് ഫൈനലിൽ കടന്നിരുന്നു.ഞായറാഴ്ചയാണ്  ഇന്ത്യ VS ബംഗ്ലാദേശ് ഫൈനൽ.

ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 21.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 36 പന്തില്‍ 67 റണ്‍സെടുത്ത പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ശിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വൈഭവിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ആയുഷ് മാത്രെ 34 റണ്‍സെടുത്തപ്പോള്‍ ആന്ദ്രെ സിദ്ധാര്‍ത്ഥ് 22 റണ്‍സെടുത്തു.

174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി വൈഭവും ആയുഷ് മാത്രെയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 8.3 ഓവറില്‍ 91 റണ്‍സടിച്ചു. 24 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് 36 പന്തില്‍ നാലു ഫോറും അഞ്ച് സിക്സും പറത്തിയാണ് 67 റണ്‍സടിച്ചത്.ക്യാപ്റ്റന്‍ മുഹമ്മദ് അമാന്‍ റണ്‍സോടെയും കെ പി കാര്‍ത്തികേയയും പുറത്താകാതെ നിന്നു. 

കഴിഞ്ഞ മത്സരത്തില്‍ യുഎഇക്കെതിരെയും വൈഭവ് അര്‍ധസെഞ്ചുറി നേടിയിരുന്നു. ഐപിഎല്‍ താരലേലത്തില്‍ 1.10 കോടി മുടക്കി രാജസ്ഥാന്‍ റോയല്‍സ് പതിമൂന്നുകാരനായ വൈഭവിനെ ടീമിലെത്തിച്ചിരുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചേതന്‍ ശർമയാണ് എറിഞ്ഞിട്ടത്. കിരണ്‍ ചോര്‍മാലെ, ആയുഷ് മാത്രെ എന്നിവര്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 69 റണ്‍സെടുത്ത ലാക്‌വിൻ അഭയസിംഗെ ആണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ഷാരുജന്‍ ഷൺമുഖനാഥൻ 42 റണ്‍സെടുത്തു. പാകിസ്ഥാന്‍-ബംഗ്ലാദേശ് സെമി ഫൈനല്‍ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക. ഞായറാഴ്ച ദുബായിലാണ് ഫൈനല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories