ഹരാരെ: ടി20 ലോകചാമ്പ്യന്മാരായി തല ഉയർത്തിയിട്ട് 48 മണിക്കൂര്‍ തികയും മുൻപ് ഇന്ത്യയെ തോൽപ്പിച്ച് സിംബാബ്‌വെ അതും ടി20 ലോകകപ്പ് യോഗ്യത പോലും നേടാത്ത സിംബാബ്‌വെയോടാണ് തോല്‍വിയേറ്റുവാങ്ങിയത്. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവസംഘത്തെയാണ് ഇന്ത്യ സിംബാബ്‌വെയിലേക്ക് അയച്ചിരുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ, നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 19.5 ഓവറില്‍ 102 റണ്‍സിന് പുറത്തായി. 13 റണ്‍സിനാണ് സിംബാബ്‌വെയുടെ ജയം.
മൂന്ന് വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് ഇന്ത്യയെ തകര്‍ത്തത്. ടെന്‍ഡായ് ചതാരയ്ക്ക് രണ്ട് വിക്കറ്റുണ്ട്. അരങ്ങേറ്റക്കാരായ അഭിഷേക് ശര്‍മയും (0) റിയാന്‍ പരാഗും (2), ധ്രുവ് ജുറേലും (14 പന്തില്‍ 7) പരാജയമായത് ഇന്ത്യക്ക് തിരിച്ചടിയായി. അതേസമയം രവി ബിഷ്‌ണോയ് ഇന്ത്യക്കായി നാല് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 29 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആവേശ് ഖാന്‍ (16), വാഷിങ്ടണ്‍ സുന്ദര്‍ (12) എന്നിവരും രണ്ടക്കം കടന്നു. ഋതുരാജ് ഗെയ്ക്‌വാദ് (7), റിങ്കു സിങ് (0), രവി ബിഷ്‌ണോയ് (9) എന്നിവരെല്ലാം നിറംമങ്ങി.