Share this Article
image
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഐസിസി കിരീട നേട്ടങ്ങള്‍
1 min read
/ICC TROPHIES WON BY INDIAN CRICKET TEAM

2024ലെ ടി20 ലോകകിരീട നേട്ടത്തോടെ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ നാഴികകല്ല് പിന്നിട്ടുകൊണ്ട് ഇന്ത്യന്‍ സീനിയര്‍ പുരുഷ ടീം കുതിക്കുകയാണ്. 

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ കിരീടങ്ങളുടെ എണ്ണത്തില്‍ ഓസ്ട്രേലിയയ്ക്ക് ശേഷം കൂടുതല്‍ കിരീടമുള്ള ടീമാണ് ഇന്ത്യ. 1983ല്‍ കപിലിന്റെ ചെകുത്താന്മാര്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി കന്നി ലോകകപ്പ് നേടിയ ശേഷം പിന്നീടൊരു ഐസിസി ട്രോഫിക്കായി ഇന്ത്യ ഇന്നിംഗ്സ് ബ്രേക്കെടുത്തത് പതിനെട്ട് വര്‍ഷമാണ്. 2001ന് ശേഷം അഞ്ച് കിരീടങ്ങളാണ് നീലപ്പട സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. എംഎസ് ധോണിയുടെ കീഴിലാണ് ഇന്ത്യ കൂടുതല്‍ കിരീടം നേടിയത്. ഇന്ത്യന്‍ ടീമിന്റെ ഐസിസി കിരീട നേട്ടങ്ങള്‍ നോക്കാം 

1. ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് 1983

1983ലെ ലോകകപ്പ് നേട്ടത്തോടെയായിരുന്നു ഇന്ത്യയുടെ കിരീട നേട്ടങ്ങളുടെ തുടക്കം. ലോകകപ്പിലെ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന്റെ പ്രതീക്ഷകളെ തകര്‍ത്താണ് ഇന്ത്യയ്ക്ക് ചരിത്ര വിജയം നേടിയത്. കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം ബാറ്റു കൊണ്ടും ബോളുകൊണ്ടും അത്ഭുതം സൃഷ്ടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 55 ഓവറില്‍ 183 റണ്‍സിന് പുറത്തായപ്പോള്‍ കിരീടമെന്ന പ്രതീക്ഷ ബൗണ്ടറി കടന്നിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡിസിന് വെല്ലുവിളിയുയര്‍ത്താന്‍ ഇന്ത്യന്‍ ബൗളിങ്ങ് നിരയ്ക്കായി. ബൗളര്‍മാരായ മദന്‍ലാലും അമര്‍നാഥും തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തിയതോടെ വിന്‍ഡീസ് പതറി. ആതിപത്യമുറപ്പിച്ച വിവ് റിച്ചാര്‍ഡ്സെന്ന ഇതിഹാസത്തെ മദന്‍ലാലിന്റെ പന്തില്‍ മനോഹരമായ റണ്ണിംഗ് ക്യാച്ചിലൂടെ കപില്‍ ദേവ് കൂടാരം കയറ്റിയോടെ പ്രതീക്ഷകള്‍ വാനോളമായി. 52 ഓവറില്‍ 140 റണ്‍സിന് കരീബിയന്‍ പട പുറത്തായതോടെ ഇന്ത്യയ്ക്ക് കന്നി കിരീട നേട്ടവും. 

2. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി 2002

2002ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്ക്കൊപ്പം സംയുക്ത ജേതാക്കളായാണ് ഇന്ത്യ രണ്ടാം ഐസിസി കിരീടം നേടിയത്. ശ്രീലങ്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ 12 ടീമുകളാണ് പങ്കെടുത്തത് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ കരുത്ത് കാട്ടിയത്. ചാമ്പ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പ് ഘട്ടത്തില്‍ സിംബാബ്വെയെയും ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയ ഇന്ത്യ, സെമയില്‍ നേരിട്ടത് ദക്ഷിണാഫ്രിക്കയെ ആയിരുന്നു. എന്നാല്‍ പ്രോട്ടീസ് കരുത്ത് ചോര്‍ന്നതോടെ ഇന്ത്യ അനായാസം ഫൈനലിലെത്തി. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ മഴ വില്ലനായതോടെ മത്സരം റിസര്‍വ് ദിനത്തിലേക്ക് നീണ്ടു. ഫൈനലില്‍ ശ്രീലങ്ക 50 ഓവറില്‍ 222 റണ്‍സും റിസര്‍വ്വ് ദിനത്തില്‍ ഇന്ത്യ 8.4 ഓവറില്‍ 38 റണ്‍സുമാണ് നേടിയത്. മഴ പ്രതിസന്ധിയായതോടെ

ഇന്ത്യയെയും ശ്രീലങ്കയെയും ഐസിസി സംയുക്ത ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു.

3. ഐ.സി.സി ടി20 ലോകകപ്പ് 2007

ടി20 ലോകകപ്പിന്റെ ആദ്യ പതിപ്പില്‍ എംഎസ് ധോണിയെന്ന യുവ നായകന്റെ കിഴിലിറങ്ങിയ ഇന്ത്യ കിരീടവുമായണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും മടങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ചായിരുന്നു വിജയത്തുടക്കം. സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും തകര്‍ത്തെങ്കിലും കിവിസിന്് മുന്നില്‍ ഇന്ത്യ വീണു. സെമിയില്‍ ഓസ്‌ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. 15 റണ്‍സിന് ഓസീസിനെ തകര്‍ത്താണ് ഇന്ത്യ ജയിച്ചുകയറിയത്. ഫൈനലില്‍ പകരം വീട്ടാനിറങ്ങിയ പാക്പടയെ ജോഗന്നാസ്ബര്‍ഗില്‍ ഇന്ത്യ മുട്ടുകുത്തിച്ചു. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് നീലപ്പട ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തപ്പോള്‍ 19.3 ഓവറില്‍ 152 റണ്‍സിന് പാകിസ്താന്‍ നിര പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത ഇര്‍ഫാന്‍ പഠാനായിരുന്നു കളിയിലെ താരം. 

4. ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് 2011

2011ല്‍ ലോകകപ്പിനിറങ്ങിയ ഇന്ത്യയ്ക്ക് ധോണിയുടെ കീഴില്‍ വീണ്ടും കിരീടം നേടാനായി. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ 14 ടീമുകളാണ് പങ്കെടുത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു മത്സരം മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ മത്സരം ടൈയില്‍ അവസാനിച്ചു.  ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയും സെമിയില്‍ പാകിസ്താനെയും തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ എത്തിയപ്പോള്‍ എതിരാളികള്‍ ശ്രീലങ്കയായിരുന്നു. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ കരുത്തുകാട്ടാനെത്തിയ സിംഹള വീര്യത്തെ ഇന്ത്യന്‍ ടീം 'വാഷ് ഔട്ട്' ചെയ്തു. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ പത്ത് ബോള്‍ ബാക്കി നില്‍ക്കെ ഇന്ത്യ വിജയ കിരീടം ചൂടി. സിക്‌സടിച്ച് മത്സരം ജയിപ്പിച്ച നായകന്‍ എം.എസ് ധോണിയുടെ പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്. പുറത്താവാതെ  91 റണ്‍സാണ് ധോണി നേടിയത്. രണ്ടാം ലോക കിരീടനേട്ടത്തിനൊപ്പം അവസാന ലോകകപ്പ് കളിച്ച സച്ചിന്‍ തെണ്ടുള്‍ക്കറെന്ന ഇതിഹാസത്തിന്, സ്വന്തം തട്ടകത്തില്‍ യാത്രയയപ്പ് നല്‍കാനും ഇന്ത്യന്‍ ടീമിനായി. 

5. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി 2013

2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ നേടിയതോടെ ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ മൂന്നാമത്തെ കിരീടനേട്ടമായി. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ കുതിച്ച ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍ എന്നീ ടീമുകളെയാണ് പരാജയപ്പെടുത്തിയത്. സെമിയില്‍ എട്ടുവിക്കറ്റിന് ലങ്കന്‍ പടയെ ഇന്ത്യ പമ്പ കടത്തി. ഫൈനലില്‍ ഇംഗ്ലീഷ് പരീക്ഷ നേരിടാനിറങ്ങിയ ഇന്ത്യയ്ക്ക് ജയം എളുപ്പമായിരുന്നില്ല. മഴ കളിച്ചതോടെ ഇരുപത് ഓവറായി ചുരുക്കിയ  മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ഇഗ്ലണ്ടിന്റെ ഇന്നിങ്ങ്‌സ് 124 റണ്‍സിന് അവസാനിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയായിരുന്നു കളിയിലെ താരം. 

6. ഐ.സി.സി ടി20 ലോകകപ്പ് 2024

വീരാട വീര്യത്തോടെ ലോകകിരീടം നേടിയപ്പോള്‍ ഇന്ത്യ സ്‌കോര്‍ ബോര്‍ഡില്‍ ഐസിസിയുടെ ആറാം കിരീടമാണ് കൂട്ടിച്ചേര്‍ത്തത്. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലിറങ്ങിയ നീലപ്പട അപരാജിത കുതിപ്പിലൂടെയാണ് കിരീടം നേടിയത്. അപ്രതീക്ഷിത പ്രകടനം പുറത്തെടുത്ത വിരാട് കോഹ്ലിയാണ്

ലോകകിരീടമെന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്‌നങ്ങളെ ബൗണ്ടറി കടത്തിയത്.  20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്ത ഇന്ത്യന്‍ ടീമിന് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങ് നിരയ്ക്ക് പിടിച്ച് നില്‍ക്കാനായില്ല. ഏഴ് റണ്‍സ് അകലെ പ്രോട്ടീസിനെ വീഴ്ത്തിയ ഇന്ത്യയ്ക്ക് നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മറ്റൊരു കിരീടം സ്വന്തമായി. ജസ്പ്രീത് ബംമ്രയുടെ നേതൃത്വത്തിലുള്ള ബൗളിങ്ങ് നിരയുടെ പ്രകടനവും ജയത്തില്‍ നിര്‍ണായകമായി. രോഹിത്തെന്ന നായകനും രാഹുല്‍ ദ്രാവിഡെന്ന പരിശീലകനും അഭിമാനിക്കാവുന്ന നേട്ടമായി ചരിത്ര ജയം മാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories