Share this Article
ഇന്ത്യന്‍ ഫുട്ബോള്‍ രാജാവ് സുനില്‍ ഛേത്രിക്ക് ഇന്ന് 39 വയസ്
Sunil Chhetri 39th Birthday

ഇന്ത്യന്‍ ഫുട്‌ബോള്‍ രാജാവ് സുനില്‍ ഛേത്രിക്ക് ഇന്ന് 39 വയസ്. കഴിഞ്ഞ 18വര്‍ഷമായി ദേശീയ ടീമിന്റെ ഹൃദയമാണ് സുനില്‍ ഛേത്രി. സുനില്‍ ഛേത്രി എന്നത് ഇന്ത്യന്‍ ഫുട്ബോളിന് വെറുമൊരു പേരല്ല, കഴിഞ്ഞ രണ്ട്പതിറ്റാണ്ടോളമായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ എല്ലാമെല്ലാമാണ് സുനില്‍ ഛേത്രി. 

ഇന്ന് 38-ാം വയസിലേക്ക് കടക്കുമ്പോഴും ഛേത്രി എന്ന നായകനും മുന്നേറ്റ താരവുമില്ലാത്ത ഇന്ത്യന്‍ ടീമിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കാനാകില്ല. അന്താരാഷ്ട്ര ഫുട്ബോളില്‍ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിക്കും ഒപ്പം ചേര്‍ത്തുവെയ്ക്കുകയാണ് രാജ്യം ഛേത്രിയെ. 142 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 92 ഗോളുകള്‍. ഗോള്‍ വേട്ടയുടെ കാര്യത്തില്‍  അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇന്നും മുന്‍ നിരയിലുണ്ട് ഇന്ത്യന്‍ നായകന്‍. കളിക്കളത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാതൃകയാക്കുന്ന ഛേത്രി  2005 ജൂണ്‍ 12ന് പാകിസ്ഥാനെതിരെയാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറിയത്. പാകിസ്ഥാനിലെ ക്വെറ്റയില്‍ നടന്ന മത്സരത്തില്‍ ഗോളടിച്ച് വരവറിയിച്ച ഛേത്രി ആ ടൂര്‍ണമെന്റില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കി. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ അവിഭാജ്യ ഘടകമായ ഛേത്രി 2012 മുതല്‍ ദേശീയ ടീം നായകനാണ്. ബൈച്ചുങ്ങ് ബൂട്ടിയക്ക് ശേഷം ഇന്ത്യക്കായി 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരമെന്ന ബഹുമതിയും ഛേത്രിക്ക് സ്വന്തം. നേപ്പാളി വംശജരുടെ മകനായി 1984 ഓഗസ്റ്റ് മൂന്നിന് സെക്കന്തരാബാദിലാണ് ഛേത്രിയുടെ ജനനം.

2002 ല്‍ മോഹന്‍ ബഗാനില്‍ നിന്നാണ് ഛേത്രി ദേശീയ ടീമിലെത്തുന്നത്. പ്രമുഖ വിദേശ ക്ലബിന് വേണ്ടി ബൂട്ടണിയുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഛേത്രിയുടെ പേരിലുണ്ട്. 2010ല്‍ കന്‍സാസ് സിറ്റി വിസാര്‍ഡിനായും 2012ല്‍ പോര്‍ച്ചുഗീസ് ക്ലബ് സ്പോര്‍ട്ടിങ് ലിസ്ബണിന് വേണ്ടിയും ഛേത്രി ബൂട്ടണിഞ്ഞു. 

2012ലാണ് പോര്‍ച്ചുഗീസ് മേജര്‍ ക്ലബായ സ്പോര്‍ട്ടിങ്ങ് ലിസ്ബണുമായി ഛേത്രി  കരാര്‍ ഒപ്പിട്ടത്. മോഹന്‍ ബഗാന്റെ മുന്‍ പരിശീലകന്‍ സുബ്രതോ ഭട്ടാചാര്യയുടെ മകള്‍ സോനം ഭട്ടാചാര്യയാണ് സുനില്‍ ഛേത്രിയുടെ ഭാര്യ. 13 വര്‍ഷത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബറിലാണ് ഛേത്രിയും സോനവും വിവാഹിതരായത്.

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ വനുവാതുവിനെതിരെ വിജയഗോള്‍ നേടിയതിന് പിന്നാലെയാണ് അച്ഛനാകാന്‍ പോകുന്ന സന്തോഷ വാര്‍ത്ത സുനില്‍ഛേത്രി ആരാധകരെ അറിയിച്ചത്.

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍  ഒരുങ്ങുന്നത്. ഓഗസ്റ്റില്‍ പുതിയ അതിഥി എത്തുമെന്നും അതിനായുള്ള കാത്തിരിപ്പിലാണെന്നും ഇരുവരും പറയുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന് പിറന്നാള്‍ ആശംസകള്‍.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories