വിനേഷ് അയോഗ്യയായതിൽ അവിടെ എന്തോ സംഭവിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ ഇടപെടണമെന്നും താരത്തിന്റെ ഭര്‍തൃപിതാവ്. 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന വിനേഷ് ഫോഗട്ടിന് ഭാരപരിശോധനയില്‍ 100 ഗ്രാം ഭാരമാണ് കൂടുതല്‍ ഉണ്ടായിരുന്നത് എങ്കില്‍ വിനേഷിന്റെ മുടി മുറിച്ചാല്‍ മതിയായിരുന്നു എന്ന് ഭര്‍തൃപിതാവ് പറയുന്നു. വിനേഷ് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ അട്ടിമറിയുണ്ടോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ ശക്തമായി ഉയരുന്നതിന് ഇടയിലാണ് താരത്തിന്റെ ഭര്‍തൃപിതാവ് രാജ്പാല് രാത്തേയുടെ വാക്കുകള്‍. സംഭവത്തില്‍ രാജ്പാല് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
'സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണം. ഇന്നലെ വിനേഷിന്റെ ഭാരത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ അയോഗ്യയാക്കപ്പെട്ടിരിക്കുന്നു. എങ്ങനെ ഇത് സംഭവിച്ചു എന്ന് മനസിലാവുന്നില്ല. 100 ഗ്രാം അധിക ഭാരം ആണെങ്കില്‍ അവളുടെ മുടി മുറിച്ചാല്‍ മതിയായിരുന്നു. അവളുടെ മുടിയുടെ ഭാരം 300 ഗ്രാം ആണ്. അവിടെ എന്തോ വിവേചനം നടന്നിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്', വിനേഷിന്റെ ഭര്‍തൃപിതാവ് ഒരു ടെലിവിഷന്‍ ചാനലില്‍ സംസാരിക്കവെ പറഞ്ഞു.
ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന നേട്ടം സ്വന്തമാക്കി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് വിനേഷ് അയോഗ്യയാക്കപ്പെടുന്നത്. നേരത്തെ ഒളിംപിക്സ് യോഗ്യതാ മത്സരത്തിന്റെ സമയത്തും ഭാരവ്യത്യാസത്തിന്റെ പ്രശ്നം വിനേഷിന് മുന്‍പില്‍ വന്നിരുന്നു. അന്ന് രാത്രി മുഴുവന്‍ ഉറങ്ങാതെ വ്യായാമം ചെയ്ത് ഭാരം കുറച്ചാണ് വിനേഷ് മത്സരത്തില്‍ പങ്കെടുത്ത് ഒളിംപിക്സ് യോഗ്യത നേടിയത്.
വിനേഷിനൊപ്പമുള്ള സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവര്‍ക്ക് അബദ്ധം സംഭവിച്ചോ അതോ അട്ടിമറിയാണോ നടന്നത് എന്ന ചോദ്യങ്ങളാണ് ശക്തമാവുന്നത്. റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മേധാവിയായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ വിനേഷും സംഘവും തെരുവിൽ നടത്തിയ പോരാട്ടങ്ങളുടെ ബാക്കിപത്രമായി അട്ടിമറി നടന്നോ എന്ന ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്നുണ്ട്.
അയോഗ്യയാക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിനേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.