വരാനിരിക്കുന്ന 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളിൽ ഏറെ ആവേശം പടർത്തുന്നത് ഇന്ത്യ-പാകിസ്താൻ മത്സരമാണ്. ഒക്ടോബർ 15ന് അഹമ്മദാബാദിലെ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് ഇന്ത്യാ പാകിസ്താൻ മത്സരം നടക്കുക. ഇതോടുകൂടി അഹമ്മദാബാദിലെ ഹോട്ടൽ നിരക്ക് വലിയ രീതിയിൽ വർദ്ധിപ്പിച്ചിരിക്കുകയാണ്. പല ഹോട്ടലുകളിലും ഒരു രാത്രി തങ്ങണമെങ്കിൽ 50,000 രൂപയിൽ അധികം ചെലവിടേണ്ടിവരുന്ന അവസ്ഥയാണ്. ഇതിനൊരു പരിഹാരം കണ്ടിരിക്കുകയാണ് ക്രിക്കറ്റ് ആരാധാകർ.
മത്സരം നടക്കുന്ന സമയത്ത് താമസത്തിനായി മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് സമീപമുള്ള ആശുപത്രികളിൽ താമസിക്കാനാണ് ആരാധകരുടെ ശ്രമം. പല ആശുപത്രികളിലും ഇതു സംബന്ധിച്ച് നിരവധി അന്വേഷണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
സാധാരണയായി ഭക്ഷണവും സമഗ്രമായ വൈദ്യപരിശോധനയും അടങ്ങുന്ന പാക്കേജിന് 3,000 രൂപ മുതൽ 25,000 രൂപ വരെ ആശുപത്രികൾ ഈടാക്കുന്നത്. ഹോട്ടലുകളിലെ അമിത നിരക്കിനേക്കാൾ നല്ലത് ഒരു ദിവസം ആശുപത്രിയിൽ കിടക്കുന്നതാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
2023 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുക. നവംബർ 19 ഞായറാഴ്ചയാണു ഫൈനൽ പോരാട്ടം. ഇതിനു പുറമേ ഇംഗ്ലണ്ട്– ന്യൂസീലന്‍ഡ് ഉദ്ഘാടന മത്സരം (ഒക്ടോബർ അഞ്ച്), ഇംഗ്ലണ്ട്– ഓസ്ട്രേലിയ (നവംബർ നാല്), ദക്ഷിണാഫ്രിക്ക– അഫ്ഗാനിസ്ഥാൻ (നവംബർ 10) മത്സരങ്ങളും മോദി സ്റ്റേഡിയത്തിൽ നടക്കും.
രാജ്യത്തെ പത്ത് വേദികളിലായി 48 മത്സരങ്ങൾ നടത്തും. തിരുവനന്തപുരത്തെ നേരത്തേ പരിഗണിച്ചിരുന്നെങ്കിലും ഒഴിവാക്കി. സന്നാഹ മത്സരങ്ങൾക്കുള്ള വേദിയായി തിരുവനന്തപുരത്തെയും ഗുവാഹത്തിയെയും തിരഞ്ഞെടുത്തു.
ഡൽഹി, ധരംശാല, ലക്നൗ, അഹമ്മദാബാദ്, കൊൽക്കത്ത, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.2019 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസീലൻഡും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും.