ട്വന്റി-ട്വന്റി ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ നേരിടാന്‍ ഒരുങ്ങി ഇന്ത്യ. വൈകീട്ട് എട്ട് മണിക്ക് ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തിലാണ് മത്സരം. ബൗളര്‍മാരെ പിന്തുണയ്ക്കുന്ന പിച്ച് മികച്ച പേസ് നിരയുള്ള പാകിസ്ഥാന് അനുകൂലമായേക്കുമെന്നതാണ് ടീം ഇന്ത്യയുടെ ആശങ്ക.
ആദ്യമത്സരത്തില്‍ അയര്‍ലന്റിനെതിരെ നാസോ കൗണ്ടി സ്‌റ്റേഡിയത്തില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാനെത്തുന്നത്. അതേസമയം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ ആദ്യമത്സരത്തില്‍ അമേരിക്കയ്‌ക്കെതിരെ പരാജയമായിരുന്നു പാകിസ്ഥാന്റെ ഫലം.
ടെക്‌സാസിലെ ഗ്രാന്‍ര് പ്രയിറി സ്റ്റേഡിയത്തിലായിരുന്നു മത്സരം. എന്നാല്‍ നാസോ കൗണ്ടിയില്‍ കളി മാറുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ബൗളര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചാണ് നാസോ കൗണ്ടിയിലേത്. അപകടകരമായ ബൗണ്‍സറുകളും പിച്ചിലെ വിണ്ടുകീറലുകളും ബാറ്റര്‍മാര്‍ക്ക് തലവേദനയാകുകയാണ്.
ഇത്തവണ ഇവിടെ അരങ്ങേറിയ ആറ് ഇന്നിങ്സുകളില്‍ നാലിലും സ്‌കോര്‍ 100 കടന്നില്ല. ബാറ്റര്‍മാരുടെ കുരുതിക്കളമായി പിച്ച് മാറുകയാണ്. ഈ സാഹചര്യത്തിലാണ് മികച്ച പേസ് നിരയുള്ള പാകിസ്ഥാനെതിരെ ഇതേ പിച്ചില്‍ ഇന്ത്യ ഇറങ്ങുന്നത്. പരമ്പരാഗതമായി പേസ് ബൗളിങാണ് പാകിസ്ഥാന്റെ പ്രധാന ആയുധങ്ങളിലൊന്ന്. ഈ ലോകകപ്പില്‍ പങ്കെടുക്കുന്ന പാക് ടീമിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
ഷഹീന്‍ അഫ്രീദി, മുഹമ്മദ് അമീര്‍, നസീം ഷാ എന്നിവരെല്ലാം ടീമിന്റെ തുറുപ്പുചീട്ടുകളാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ ബാറ്റിങ് ഇതിഹാസങ്ങളായ രോഹിത് ശര്‍മയിലും വിരാട് കോഹ്ലിയിലും തന്നെയാണ് ടീമിന്റെ പ്രതീക്ഷ. ഏത് ബൗളിങ് നിരയും ഭയക്കുന്ന കരിയര്‍ റെക്കോഡാണ് ഇവര്‍ക്കുള്ളത്.
ഇരുവരും പാക് ബൗളിങിനെ നേരിടാന്‍ മൂന്ന് മണിക്കൂര്‍ പ്രക്യേത പിച്ചില്‍ കഠിന പരിശീലനം നടത്തിയതായാണ് റിപ്പോര്‍ട്ട്. മല്‍സരം നടക്കുന്ന ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിന് സമാനമായ പിച്ച് ഒരുക്കിയായിരുന്നു പരിശീലനം.
അതേസമയം ഇന്ത്യ-പാക് മല്‍സരത്തിന് മുമ്പായി പിച്ചിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. വൈകീട്ട് എട്ട് മണിക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം അരങ്ങേറുക.