സ്പാനിഷ് കപ്പില്‍ മുത്തമിട്ട് റയല്‍ മാഡ്രിഡ്. ഒസാസുനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കിരീടം സ്വന്തമാക്കിയത്. 2014നുശേഷമാണ് റയല്‍ മാഡ്രിഡ് കിരീടം തിരിച്ചുപിടിക്കുന്നത്.
റയല്‍ മാഡ്രിഡിന്റെ 20ാം സ്പാനിഷ് കപ്പ് നേട്ടമാണിത്. ശക്തമായ വെല്ലുവിളിയാണ് ഫൈനല്‍ വരെ ഓസാസുന ഉയര്‍ത്തിയത്. അതുകൊണ്ടുതന്നെ റയല്‍ മാഡ്രിഡിന്റെ വിജയ ലക്ഷ്യം കടുത്തതായിരുന്നു.
റോഡ്രിഗോ ഇരു പകുതികളിലായി നേടിയ ഗോളുകളാണ് റയലിന്റെ കിരീട നേട്ടത്തിലേക്കുള്ള വഴി വെട്ടിയത്. കളി തുടങ്ങി രണ്ടാം മിനിറ്റിലാണ് റോഡ്രിഗോയിലൂടെ റയല്‍ മുന്നിലെത്തിയത്. എന്നാല്‍ 58ാം മിനിറ്റില്‍ ലുക്കാസ് ടോറോ ഒസാസുനയ്ക്ക് സമനില സമ്മാനിച്ചു. ഇതോടെ പോരാട്ടം ആവേശകരമായി. റയലിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രകടനം തന്നെ ഒസാസുന തൊടുത്തുവിട്ടു. ഒടുവില്‍ 70ാം മിനിറ്റില്‍ റോഡ്രിഗോ തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ കിരീടം ഉറപ്പിച്ചു.
ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ഒന്നാം പാദത്തില്‍ ഇംഗ്ലീഷ് കരുത്തര്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാനിരിക്കെയാണ് റയലിന്റെ ഈ കിരീട നേട്ടം. ശക്തമായ പോരാട്ടം വരാനിരിക്കുന്നതുകൊണ്ടുതന്നെ നേടിയ വിജയം റയല്‍ മാഡ്രിഡിന് ആത്മവിശ്വാസം കൂടുന്നു.