ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവസാന നിമിഷം അപ്രതീക്ഷിത മാറ്റം. സ്പിന്‍ കരുത്തും ഓള്‍ റൗണ്ടര്‍ മികവും പരിചയ സമ്പത്തും കൈമുതലായ ആര്‍ അശ്വിന്‍ ടീമില്‍ ഇടം നേടി. പരിക്കിന്റെ പിടിയിലായ അക്‌സര്‍ പട്ടേലിന് പകരമായാണ് ഓഫ് സ്പിന്നര്‍ അശ്വിന്‍ ടീമില്‍ എത്തുന്നത്. ബാറ്റിംഗ് ഓര്‍ഡറില്‍ മധ്യനിരയിലും വാലറ്റത്തും എന്തിന് ടോപ് ഓര്‍ഡറില്‍ പോലും താന്‍ വിശ്വസ്തന്‍ ആണെന്ന് പലകുറി തെളിയിച്ച അശ്വിന്‍ തന്റെ മൂന്നാം ലോക കപ്പ് അവിസ്മരണീയമാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഏകദിന കരിയറില്‍ 115 മത്സരങ്ങളില്‍ നിന്നായി 155 വിക്കറ്റ് നേടിയ അശ്വിന്റെ മികച്ച പ്രകടനം യുഎഇക്കെതിരെ 4/25 ആണ്. ടെസ്റ്റില്‍ 94 മത്സരങ്ങളില്‍ നിന്നായി 489 വിക്കറ്റ് നേടിയ അശ്വിന്‍ 59 റണ്‍സ് വിട്ട് നല്‍കി ഏഴ് വിക്കറ്റ് പ്രകടനവും കാഴ്ച വെച്ചു. ടി20യിലും അശ്വിന്‍ തിളങ്ങി. 65 മത്സരങ്ങളില്‍ നിന്നായി 72 വിക്കറ്റ് നേടി. ഇന്ത്യന്‍ പിച്ചുകളില്‍ ഇത്രയധികം നേട്ടങ്ങള്‍ സ്വന്തം പേരിലുള്ള മാറ്റൊരു താരത്തെ നിലവില്‍ കണ്ടെത്താന്‍ കഴിയില്ല എന്നത് തന്നെയാണ് അശ്വിന്റെ അനിവാര്യത. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ഒരു ഇടവേളയ്ക്ക് ശേഷം അശ്വിന്‍ തിരിച്ചെത്തിയത്.
മികച്ച പ്രകടനം കാഴ്ചവെച്ച അശ്വിന്‍ രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റും നേടി. പരമ്പര നേട്ടത്തിലെ നിര്‍ണ്ണായക സംഭാവനയായിത്തന്നെ ഈ പ്രകടനം വിലയിരുത്തപ്പെടുന്നുണ്ട്. 2011ലും 2015ലും ഇന്ത്യയ്ക്കായി ലോകകപ്പ് കളിച്ച അശ്വിന്‍, 2015-ല്‍ എട്ട് മത്സരങ്ങളില്‍ നിന്നായി സ്വന്തമാക്കിയത് 13 വിക്കറ്റുകള്‍. കഴിഞ്ഞ മാസമാണ് ഏകദിന ലോകകപ്പിനുള്ള ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്.
നാട്ടില്‍ നടക്കുന്ന ലോകകപ് മത്സരത്തിനുള്ള ടീമില്‍ നിന്നും അശ്വിനേ പോലെ ഒരു താരത്തെ ഒഴിവാക്കിയതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അന്ന് നറുക്കു വീണ അക്‌സര്‍ പട്ടേലിന് ഏഷ്യാ കപ്പിലെ പരിക്കാണ് വില്ലനായത്. 37 കാരനായ അശ്വിന്‍ മറ്റൊരു ലോകകപ്പ് പോരാട്ടത്തിനായി ഇറങ്ങുമ്പോള്‍ 2011 ലെ ടീമിലുണ്ടായിരുന്ന കോഹ്ലിയും ഉണ്ട് ഇത്തവണ പട നയിക്കാന്‍