ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ വലിയ കായിക പുരസ്കാരമായ അർജുന അവാർഡിനുള്ള നാമനിർദേശപ്പട്ടികയിൽ ഇന്ത്യയുടെ ലോകകപ്പ് ഹീറോ പേസർ മുഹമ്മദ് ഷമിയും. 26 പേരാണ് അന്തിമപട്ടികയിലുള്ളത്. പട്ടിക കായിക മന്ത്രി അംഗീകരിച്ചാൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ (ബി.സി.സി.ഐ) പ്രത്യേക അഭ്യർഥനയെ തുടർന്നാണ് ഷമിയുടെ പേര് അവസാനമിനിഷം പട്ടികയിൽ ഉൾപ്പെടുത്തിയത്. ലോകകപ്പിൽ അവിശ്വസനീയ പ്രകടനമാണ് ഷമി നടത്തിയത്. ഏഴു മത്സരങ്ങളിൽനിന്ന് 24 വിക്കറ്റുകൾ വീഴ്ത്തി ലോകകപ്പിലെ വിക്കറ്റ്‍വേട്ടക്കാരിൽ ഒന്നാമനായി. ലീഗ് റൗണ്ടിലെ ആദ്യ നാലു മത്സരങ്ങളിൽ പുറത്ത് ഇരുന്ന ഷമി, പിന്നീടുള്ള മത്സരങ്ങളിൽ ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തി.
അർജുന അവാർഡിനുള്ള നാമനിർദേശപട്ടികയിൽ ആദ്യം 34കാരനായ ഷമിയുടെ പേരില്ലായിരുന്നു. ബി.സി.സി.ഐയുടെ അഭ്യർഥനയെ തുടർന്നാണ് പിന്നീട് താരത്തെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരങ്ങളിൽ ഷമി ഇന്ത്യൻ ടീമിനൊപ്പം ചേരും. ഡിസംബർ 26ന് സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നിന് കേപ്ടൗണിലും നടക്കും.
ഈ വർഷത്തെ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന, അർജുന പുരസ്കാര ജേതാക്കളെ കണ്ടെത്താനായി കായിക മന്ത്രാലയം 12 അംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. സുപ്രീംകോടതി മുൻ ജസ്റ്റിസ് എ.എം. ഖാൻവിൽക്കറാണ് സമിതി അധ്യക്ഷൻ.