ഐപിഎല്ലില്‍ അവസാന നാലിലേക്ക് മുന്നേറി മുംബൈ ഇന്ത്യന്‍സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം 21 പന്തുകള്‍ ബാക്കി നില്‍ക്കെ മുംബൈ മറികടന്നു. 35 പന്തില്‍ 83 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈക്ക് അനായാസ ജയം സമ്മാനിച്ചത്. അര്‍ധസെഞ്ചുറി നേടി നെഹാല്‍ വധേരയും മികച്ച പിന്തുണ നല്‍കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ മാക്‌സ്വെല്‍, ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ ഇന്നിംഗ്‌സ് കരുത്തിലാണ് 199ല്‍ എത്തിയത്. വാലറ്റത്ത് ദിനേശ് കാര്‍ത്തികും തകര്‍ത്തടിച്ചു. മൂന്ന് വിക്കറ്റെടുത്ത ജേസണ്‍ ബെഹ്‌റെന്‍ഡോഫാണ് ആര്‍സിബിയുടെ തകര്‍ച്ചയില്‍ നിര്‍ണായകമായത്. പട്ടികയില്‍ 12 പോയിന്റുമായി മുംബൈ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ 10 പോയിന്റുമായി ബാംഗ്ലൂര്‍ ഏഴാമതാണ്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ ബാംഗ്ലൂരിന് നിര്‍ണായകമാണ്.