ഇന്ത്യ സിംബാബ്‌വെ മൂന്നാം ടി20 ഇന്ന്. വൈകിട്ട് നാലരയ്ക്ക് ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് മത്സരം. ടീമിനൊപ്പം ചേര്‍ന്ന മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഓരോ ജയവുമായി ഇരുടീമും ഒപ്പത്തിനൊപ്പമാണ്.
ആദ്യ മത്സരത്തില്‍ അട്ടിമറിച്ച സിംബാവെയ്ക്ക് രണ്ടാം മത്സരത്തില്‍ ഇന്ത്യ മറുപടി നല്‍കിയത് നൂറ് റണ്‍സിന്റെ വലിയ വിജയത്തോടെയാണ്. മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ ലോകകപ്പ് സ്‌ക്വാഡിലുണ്ടായ സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവര്‍ ടീമിനൊപ്പം ചേരുന്നത് ഇന്ത്യയുടെ കരുത്ത് ഇരട്ടിയാക്കും. ടീം ലൈനപ്പിലും മാറ്റമുണ്ടായേക്കും.
നായകന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച അഭിഷേക് ശര്‍മ്മ, റിതുരാജ് ഗെയ്ക് വാദ്, റിങ്കു സിംഗ് തുടങ്ങിയര്‍ സ്‌കോറുയര്‍ത്തുന്നതില്‍ നിര്‍ണായകമാകും. വാഷിങ്ടണ്‍ സുന്ദറാണ് മധ്യനിരയിലെ പ്രതീക്ഷ. മുകേഷ് കുമാര്‍ ആവേശ് ഖാന്‍ രവി ബിഷ്‌ണോയ് എന്നിവരുടെ ബൗളിങ് ആതിഥേയര്‍ക്ക് വെല്ലുവിളിയാകും.
അതേസമയം സ്വന്തം തട്ടകത്തില്‍ വിജയപ്രതീക്ഷയില്‍ ഇറങ്ങുന്ന സിംബാബ്‌വെ നിസാരക്കാരല്ല. ക്ലൈവ് മദാന്‍ഡെ, ഡിയോണ്‍ മിയേഴ്സ് എന്നിവരുള്‍പ്പെടുന്ന ബാറ്റിങ് നിര ടീമിന് പ്രതീക്ഷ നല്‍കുന്നു. ഓള്‍റൗണ്ട് നിരയില്‍ നായകന്‍ സിക്കന്ദര്‍ റാസെയും അന്തും നഖ്വിയും കരുത്തേകും.
തണ്ടെയ് ചതാര, വെല്ലിംഗ്ടണ്‍ മസകാഡ്‌സ, ബ്രയാണ്‍ ബെന്നറ്റ് എന്നിവരുള്‍പ്പെടുന്ന സിംബാബാവെയുടെ ബൗളിങ് നിരയും മികച്ചതാണ്. പേസിനും സ്പിന്നിനും അനുകൂലമായ ഹരാരെയിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് തന്നെയാകും മുന്‍തൂക്കം.