Share this Article
13കാരൻ വൈഭവിനെ 1.10 കോടി രൂപയ്‌ക്ക് സ്വന്തമാക്കി സഞ്ജുവിന്റെ രാജസ്ഥാൻ
വെബ് ടീം
posted on 25-11-2024
1 min read
ipl vaibhav

ജിദ്ദ:  രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന വാശിയേറിയ ലേലംവിളിക്ക് ഒടുവിൽ ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 13 വയസ്സുള്ള  ബിഹാറുകാരൻ വൈഭവ് സൂര്യവംശിയെയാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ 1.1 കോടി രൂപയ്ക്കാണ് സഞ്ജുവിന്റെ ടീം സ്വന്തമാക്കിയത്. 

ബിഹാർ സമസ്തിപുർ സ്വദേശിയായ ഈ 13-കാരന്‍ ഈവര്‍ഷം ജനുവരി അഞ്ചിനാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പട്‌നയില്‍ മുംബൈക്കെതിരെ ഇറങ്ങുമ്പോൾ പന്ത്രണ്ട് വയസ്സും 284 ദിവസവുമായിരുന്നു വൈഭവിന്റെ പ്രായം. ഇതോടെ രഞ്ജി ട്രോഫിയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമായി വൈഭവ് മാറി. 

യുവരാജ് സിങ്ങിനും സച്ചിൻ തെണ്ടുൽക്കർക്കും മുൻപേ രഞ്ജിയിൽ അരങ്ങേറ്റം കുറിക്കാൻ വൈഭവിനായി. ഇരുവരും പതിനഞ്ച് വയസ്സിനുശേഷമാണ് രഞ്ജി കളിച്ചത്. അലിമുദ്ദീൻ, (12 വർഷവും 73 ദിവസവും) എസ്.കെ.ബോസ് (12 വർഷവും 76 ദിവസവും) മുഹമ്മദ് റംസാൻ (12 വർഷവും 247 ദിവസവും) ആണ് വൈഭവിനേക്കാൾ ചെറിയ പ്രായത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചവർ.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ ഇന്ത്യ എ ടീമിനുവേണ്ടിയും വൈഭവ് ഇറങ്ങി. 62 പന്തിൽ നിന്ന് 104 റൺസെടുത്ത് ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അന്ന് പതിമൂന്ന് വർഷവും 188 ദിവസവുമായിരുന്നു വൈഭവിന് പ്രായം. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനായി അന്ന് വൈഭവ്. യൂത്ത് ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയായിരുന്നു അന്ന് വൈഭവ് നേടിയത്.

കഴിഞ്ഞ ശനിയാഴ്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അരങ്ങേറ്റം നടത്തി. രാജ്കോട്ടില്‍ രാജസ്ഥാനെതിരെ ബീഹാറിന് വേണ്ടി ഓപണറായി. ഇടങ്കയ്യന്‍ പേസര്‍ അനികേത് ചൗധരിയെ രണ്ട് സിക്സറുകള്‍ പറത്തിയ ആറ് പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories