ടെന്നീസ് പ്രേമികള്‍ക്ക് എറെ പ്രിയങ്കരിയാണ് ഗ്രീക്കുകാരി മരിയ സക്കാറി. ലോകടെന്നീസിലെ ഈ ഒന്‍പതാം നമ്പര്‍താരം ഇരുപത്തിയൊന്‍പതാം പിറന്നാളാഘോഷിക്കുമ്പോള്‍ ആരാധകരും ആഹ്ലാദനിറവിലാണ്.
മരിയ സക്കാറിക്ക് ഒട്ടും ശുഭകരമല്ല നടപ്പ് സീസണ്‍ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളിലെ പ്രകടനങ്ങള്‍ .ശക്തമായ സെര്‍വുകളും ഗ്രൗണ്ട് സ്‌ട്രോക്കുകളുമായി കോര്‍ട്ടില്‍ ആക്രമണാത്മക ടെന്നീസ് കളിക്കുന്ന മരിയ സക്കാറി ഫോമിന്റെ നിഴലിലാണ്.
ഓസ്‌ട്രേലിയന്‍ഓപ്പണില്‍ മൂന്നാം റൗണ്ട് വരെ എത്തിയ ഗ്രീക്ക് താരം, ഫ്രഞ്ച് ഓപ്പണില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുച്ചോവയോടും വിംമ്പിള്‍ഡണില്‍ ഉക്രെയ്‌നിന്റെ മാര്‍ത്ത കോസ്റ്റിയൂക്കിനോടും തോറ്റുപുറത്താകുകയായിരുന്നു .
ഇനി ഒരു ഗ്രാന്‍സ്ലാം മാത്രമാണ് സീസണില്‍ അവശേഷിക്കുന്നത്.ലോക ടെന്നീസിലെ പല വമ്പന്‍ താരങ്ങളെയും തോല്‍പിച്ചിട്ടുണ്ട് സക്കാറി. നവോമി ഒസാക്കയുടെ തുടര്‍ച്ചയായ 23 മത്സരങ്ങളുടെ അജയ്യത അവസാനിപ്പിച്ച ഈ ഗ്രീക്കുകാരി നിലവില്‍ മോശം ഫോമിലാണ്.
2021 സീസണില്‍ ഫ്രഞ്ച് ഓപ്പണിലും യു എസ് ഓപ്പണിലും സെമിഫൈനലില്‍ കടന്നതാണ് സക്കാറിയുടെ ഗ്രാന്‍സ്ലാം കരിയറിലെ സുപ്രധാന നേട്ടം.ഇതേവരെ ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടില്ലെന്ന പേരുദോഷം മരിയ സക്കാറിക്ക് മാറ്റിയെടുക്കേണ്ടതുണ്ട്.സെറീനവില്യംസുംഫെഡററും നദാലുമാണ് ഈ ഏഥന്‍സുകാരിയുടെ റോള്‍ മോഡലുകള്‍. ജന്മദിനം ആഘോഷിക്കുന്ന ഗ്രീക്ക് സെന്‍സേഷന്‍ താരത്തിന് ആശംസകള്‍ നേരുകയാണ് ടെന്നീസ് ലോകം.