ഓവലിൽ ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ റെക്കോർഡുകൾ സ്വന്തമാക്കി ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് കരിയറിലെ 31-ാം ടെസ്റ്റ് സെഞ്ച്വറിയോടെ സ്മിത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയ മൂന്നാമത്തെ ഓസ്ട്രേലിയൻ താരമായി. ഓവൽ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് സ്മിത്ത് സെഞ്ച്വറി തികച്ചത്.
41 സെഞ്ച്വറികളുമായി റിക്കി പോണ്ടിംഗിനും 32 സെഞ്ച്വറികളുമായി സ്റ്റീവ് വോയ്ക്കും പിന്നിൽ മൂന്നാമതാണ് സ്റ്റീവ് സ്മിത്ത്. ഇന്ത്യക്കെതിരായ അദ്ദേഹത്തിന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഇതോടെ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന നേട്ടത്തിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനൊപ്പമെത്താൻ സ്മിത്തിന് കഴിഞ്ഞു. റിക്കി പോണ്ടിംഗ്, വിവിയൻ റിച്ചാർഡ്‌സ്, ഗാർഫീൽഡ് സോബേഴ്‌സ് എന്നിവരെയാണ് സ്മിത്ത് മറികടന്നത്. ഇവരെല്ലാം ഇന്ത്യക്കെതിരെ എട്ട് സെഞ്ച്വറി വീതം നേടിയിട്ടുണ്ട്.
ഒന്നാം ദിനം സെഞ്ച്വറിയുടെ വക്കില്‍ നിന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് രണ്ടാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ സെഞ്ച്വറി നേടി. 19 ഫോറുകള്‍ സഹിതമായിരുന്നു സ്മിത്തിന്റെ സെഞ്ച്വറി. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്‌സില്‍ 400 കടന്ന് ഓസ്‌ട്രേലിയ. രണ്ടാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 422 റണ്‍സെന്ന നിലയില്‍. സ്മിത്തിനെ കൂടാതെ ട്രാവിസ് ഹെഡ്ഡും സെഞ്ച്വറി നേടി. ട്രാവിഡ് ഹെഡ്ഡ് 163 റണ്‍സെടുത്താണ് മടങ്ങിയത്.