പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ പ്രതീക്ഷകളുമായി ഇന്ത്യന്‍ സംഘം. 16 ഇനങ്ങളിലെ 69 മെഡല്‍ വിഭാഗങ്ങളിലായി 112 താരങ്ങളാണ് മത്സരരംഗത്തുള്ളത്. ഹോക്കി താരം പിആര്‍ ശ്രീജേഷ് അടക്കം ഏഴ് മലയാളി താരങ്ങളും ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ട്.
ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വന്തമാക്കിയ ഒരു സ്വര്‍ണമടക്കം ഏഴ് മെഡലുകളാണ് 2020 ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ സമ്പാദ്യം. മെഡല്‍ നേട്ടം വര്‍ധിപ്പിക്കാനുറച്ച് തന്നെയാണ് ഇക്കുറി ഇന്ത്യന്‍ സംഘം പാരീസിലേക്ക് വണ്ടി കയറിയത്. അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ഹോക്കി, ഷൂട്ടിങ്, ടെന്നീസ് അടക്കം 16 ഇനങ്ങളിലായാണ് 112 താരങ്ങള്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുന്നത്.
29 അംഗങ്ങളടങ്ങിയ അത്‌ലറ്റിക്‌സ് ടീമാണ് ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും ശക്തമായ വിഭാഗം. ഷൂട്ടിങ് സംഘമാണ് രണ്ടാമത്. 21 താരങ്ങളാണ് സ്വര്‍ണം വെടിവെച്ചിടാനുറച്ച് പാരീസിലെത്തിയിരിക്കുന്നത്. അമ്പെയ്ത്താണ് ഇന്ത്യ പങ്കെടുക്കുന്ന ആദ്യഇനം. വ്യക്തിഗത വിഭാഗത്തില്‍ ദീപിക കുമാരിയും തരുണ്‍ദീപ് റായിയും മത്സരരംഗത്ത്.
ഷൂട്ടിങ്ങാണ് ഇന്ത്യ ആദ്യമെഡല്‍ പ്രതീക്ഷിക്കുന്ന ഇനം. ജൂലൈ 27നാണ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ മെഡല്‍ വിഭാഗം മത്സരങ്ങള്‍ നടക്കുക. രണ്ട് തവണ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയ പിവി സിന്ധുവിന്റെ മത്സരങ്ങള്‍ ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 5 വരെ നടക്കും. ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര ഓഗസ്റ്റ് ആറിന് കളത്തിലിറങ്ങും.
49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ടോക്യോയിലെ സില്‍വര്‍ മെഡലിസ്റ്റ് മിരാബായ് ചാനുവുണ്ട്. ഓഗസ്റ്റ് ഏഴിനാണ് മത്സരം. ബോക്‌സിങ്ങില്‍ ലവ്‌ലീനയ്‌ക്കൊപ്പം രണ്ട് തവണ ലോകചാമ്പ്യനായ നിഖാത് സറീന്‍ ഇക്കുറി ഒളിമ്പിക്‌സില്‍ കന്നിയങ്കത്തിനിറങ്ങും.
ഹോക്കി താരം പി.ആര്‍ ശ്രീജേഷ് അടക്കം ഏഴ് മലയാളി താരങ്ങളും മെഡല്‍ പ്രതീക്ഷകളുമായി പാരീസിലുണ്ട്. 27 മുതലാണ് ഹോക്കി മത്സരങ്ങള്‍ ആരംഭിക്കുക. ടോക്യോയില്‍ കൈവിട്ടത് പാരീസില്‍ തിരിച്ചുപിടിച്ച് മെഡല്‍ നേട്ടം ഉയര്‍ത്തുകയാണ് ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം.