ന്യൂഡല്‍ഹി: സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിരസിച്ചതായി റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ (എഐഎഫ്എഫ്) സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സൂപ്പര്‍ താരം ലയണല്‍ മെസ്സി അടങ്ങിയ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുമായുള്ള മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചിലവ് കാരണമാണ് ഇന്ത്യ പിന്മാറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 12-നും 20-നും ഇടയില്‍ അര്‍ജന്റീനയ്ക്ക് രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കാനുള്ള സ്ലോട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പില്‍ ലഭിച്ച വലിയ പിന്തുണ കണക്കിലെടുത്ത് ദക്ഷിണേഷ്യന്‍ ടീമുകളുമായി ഈ സമയം സൗഹൃദ മത്സരം കളിക്കാനായിരുന്നു അര്‍ജന്റീനയ്ക്ക് താത്പര്യം. ഇതിനായി ഇന്ത്യയേയും ബംഗ്ലാദേശിനെയുമാണ് അവര്‍ തിരഞ്ഞെടുത്തത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തലവന്‍ പാബ്ലോ ജാക്വിന്‍ ഡിയാസ്, ഇക്കാര്യം അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷനുമായി സംസാരിക്കുകയും ചെയ്തു. പക്ഷേ കളത്തിലിറങ്ങുന്നതിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത് വലിയ തുകയായിരുന്നു. ഇത് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ സൗഹൃദ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 32 കോടിക്കും 40 കോടിക്കും ഇടയിലുള്ള ഒരു തുകയാണ് കളിക്കാന്‍ അര്‍ജന്റീന ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയും ബംഗ്ലാദേശും പിന്മാറിയതോടെയാണ് അര്‍ജന്റീന ജൂണ്‍ 15-ന് ബെയ്ജിങ്ങില്‍ ഓസ്‌ട്രേലിയക്കെതിരേയും ജൂണ്‍ 19-ന് ജക്കാര്‍ത്തയില്‍ ഇന്‍ഡൊനീഷ്യയ്‌ക്കെതിരേയും സൗഹൃദ മത്സരം കളിച്ചത്.