അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ എത്തുന്ന ആദ്യ ടീമായി.നാല് റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം.
ഭാഗ്യം ഇത്തവണ ദക്ഷിണാഫ്രിക്കക്കൊപ്പമായിരുന്നു. ബാറ്റിംഗ് ദുഷ്കരമായ നാസ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ചിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. പതിഞ്ഞ തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയുടേത്.46 റൺസ് നേടിയ ഹെൻ്റിച്ച് ക്ലാസനും, 29 റൺസ് നേടിയ ഡേവിഡ് മില്ലറുമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്ങ്സിൻ്റെ നെടും തൂണായത്.
18 റൺസ് നേടിയ ക്വിൻ്റൺ ഡി കോക്കാണ് രണ്ടക്കം കടന്ന മറ്റൊരാൾ. ആദ്യ നാലോവറിനുള്ളിൽ നാല് വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ കരകയറ്റിയത് ക്ലാസൻ - മില്ലർ സഖ്യം പടുത്തുയർത്തിയ 69 റൺസിൻ്റെ കൂട്ട് കെട്ടാണ്. ബംഗ്ലാദേശിന് വേണ്ടി തൻസിം ഹസൻ സാക്കിബ് മൂന്ന് വിക്കറ്റും, ടസ്കിൻ അഹമ്മദ് രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിൻ്റെ തുടക്കവും തകർച്ചയോടെയായിരുന്നു. 37 റൺസ് ചേർക്കുന്നതിനിടെ ആദ്യ മൂന്ന് വിക്കറ്റ് നഷ്ടമായി.തുടർന്ന് 37 റൺസെടുത്ത തൗഹിദ് ഹൃദോയിയും 20 റൺസെടുത്ത മഹ്മുദുള്ളയും ചെറുത്ത് നിന്നെങ്കിലും വിജയതീരത്തെത്താൻ ബംഗ്ലാ കടുവകൾക്കായില്ല.
ജയിക്കാൻ അവസാന ഓവറിൽ 11 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് 7 റൺസെടുക്കാനാണ് കഴിഞ്ഞത്.ഇതോടെ നാല് റൺസിൻ്റെ ത്രസിപ്പിക്കുന്ന വിജയം നേടിയ ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ എത്തുന്ന ആദ്യ ടീമായി.