Share this Article
image
ലോകകപ്പിനോളം ആരാധക പിന്തുണയുള്ള യൂറോ കപ്പിലെ സൂപ്പർ താരങ്ങൾ
1 min read
SUPER STARS OF EURO CUP

ഫുട്ബോളില്‍ പ്രായം ഒരു ഘടകമേയല്ല. പ്രതിഭകള്‍ തമ്മിലാണ് പോരാട്ടം. ഓരോ പോരാട്ടത്തിലും ആ പ്രതിഭയുടെ മാറ്റുരച്ച് കൂടുതല്‍ തിളക്കമുള്ളവരാകുന്നു പോരാളികളായ താരങ്ങള്‍. യൂറോപ്യന്‍ രാജ്യങ്ങളിലെ വമ്പന്മാര്‍ അണിനിരക്കുന്ന യുവേഫ യൂറോ കപ്പിലും സ്ഥിതി വ്യത്യസ്തമല്ല. ഫിഫ ലോകകപ്പിനോളം തന്നെ ആരാധക പിന്തുണയുള്ള സോക്കര്‍ ടൂര്‍ണമെന്റാണ് യുവേഫ യൂറോ കപ്പ്. സ്പാനിഷ് നിരയിലെ 16 കാരന്‍ യാമിന്‍ യമലും ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ 39കാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും എല്ലാം ഈ യൂറോ കപ്പിന്റെ സവിശേഷതകളാണ്. യൂറോപ്പിന്റെ പ്രതീക്ഷകളായി ഉയര്‍ന്നു വരുന്ന താരങ്ങളും പരിചയസമ്പന്നരായ താരങ്ങളുമടക്കം പ്രതിഭാശാലികള്‍ ഏറെയുണ്ടെങ്കിലും 2024 യൂറോ കപ്പിലെ ആരാധകരുടെയാകെ ശ്രദ്ധാകേന്ദ്രം ഈ സൂപ്പര്‍ താരങ്ങളാണ്. 

കിലിയന്‍ എംബാപ്പെ

ഫ്രാന്‍സിന്റെ മുന്നേറ്റനിരയിലെ മിന്നും താരം. ക്ലബ്ബിനായും രാജ്യത്തിനായും ഗോളടിച്ച് കൂട്ടുന്നതില്‍ മുന്‍പന്തിയില്‍. ഇതുവരെ കളിച്ച 79 മത്സരത്തില്‍ നിന്ന് 47 ഗോളുകള്‍. 2022 ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തം ഷെല്‍ഫിലെത്തിച്ചു. യൂറോ കപ്പിലെ ഫ്രാന്‍സിന്റെ പ്രതീക്ഷ.

ബുകായോ സാക

കഴിഞ്ഞ യൂറോ കപ്പില്‍ നിര്‍ണായകമായൊരു പെനല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ നൊമ്പരവുമായാണ് ഇംഗ്ലീഷ് മധ്യനിര താരം ബുകായോ സാക എത്തുന്നത്. 33 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. തുടര്‍ച്ചയായി ഇംഗ്ലീഷ് പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ കൂടി പേറിയാണ് ഈ 22കാരന്‍ എത്തുന്നത്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

16കാരനെതിരെയും 22കാരനെതിരെയും കളിക്കുമ്പോള്‍ അവരേക്കാള്‍ ചെറുപ്പമാകുന്ന താരം. വയസ് നാല്‍പ്പതിലേക്ക് പായുമ്പോഴും ഫിസിക് കൊണ്ടും കളിയഴക് കൊണ്ടും ഏവരെയും വെല്ലുവിളിക്കുകയാണ് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഗോള്‍ നേട്ടത്തില്‍ ലോക ഫുട്ബോളില്‍ ഒന്നാമത്. രാജ്യത്തിനായി ആകെ 207 മത്സരങ്ങള്‍ 107 ഗോളുകള്‍. ക്രിസ്ര്റ്യാനോയുടെ തുടര്‍ച്ചയായ ആറാം യൂറോ കപ്പ് കൂടിയാണിത്.

ടോണി ക്രൂസ്

ക്ലബ്ബ് ഫുട്ബോളില്‍ നിന്ന് ഇതിനകം തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു ഈ ജെര്‍മന്‍ ഇതിഹാസതാരം. മധ്യനിരയിലെ മായാജാലക്കാരന്‍. രാജ്യത്തിനായി കളിക്കുന്ന അവസാന ടൂര്‍ണമെന്റാണ് ഈ യൂറോ കപ്പ്. ആകെ 109 മത്സരങ്ങളില്‍ നിന്ന് മേടിയത് 17 ഗോളുകള്‍.

കെവിന്‍ ഡിബ്രൂയിന്‍

ബെല്‍ജിയത്തിന്റെ കുന്തമുനയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിര താരം കൂടിയായ കെവിന്‍ ഡിബ്രൂയിന്‍. ലോകത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാള്‍. ആകെ കളിച്ചത് 101 മത്സരങ്ങള്‍.. സ്വന്തം പേരിനൊപ്പം ചേര്‍ത്തത് 27 ഗോളുകള്‍. കിരീടനേട്ടത്തോടെ ഫുട്ബോള്‍ ജീവിതം അവസാനിപ്പിക്കാനുറച്ചാവും ടോണി ക്രൂസ് എത്തിയിരിക്കുന്നത്. 

പോരാട്ടത്തിന്റെ നാളുകൾ തുടങ്ങിക്കഴിഞ്ഞു. ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളും..



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories