ടി20 ലോകകപ്പില്‍ ഇന്ന് അമേരിക്ക അയര്‍ലന്‍ഡ് പോരാട്ടം. രാത്രി എട്ടുമണിക്ക് ഫ്ളോറിഡയിലാണ് മത്സരം. സൂപ്പര്‍ എട്ട് സാധ്യതകള്‍ സജീവമാക്കന്‍ അമേരിക്കയ്ക്ക് ജയം അനാവാര്യമാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയിച്ച യുഎസ്എ അയര്‍ലന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ ലക്ഷ്യം സൂപ്പര്‍ എട്ട് . പാകിസ്താനെയും കാനഡയെയും പരാജയപ്പെടുത്തിയ ടീം വീണത് ഇന്ത്യയ്ക്ക് മുന്നില്‍ മാത്രമാണ്. ബാറ്റിങ്ങില്‍ നായകന്‍ മൊനാക് പട്ടേലിനൊപ്പം ആരോണ്‍ ജോണ്‍സ്, ആന്‍ഡ്രീസ് ഗൗസ്, സ്റ്റീവന്‍ ടെയ്‌ലര്‍ എന്നിവരാണ് കരുത്ത്.
നോസ്തുഷ് കെഞ്ചിഗെ, സൗരഭ് നേത്രവല്‍ക്കര്‍, അലിഖാന്‍, ഹര്‍മീത് സിംഗ് എന്നിവരുള്‍പ്പെടുന്ന യുഎസിന്റെ ബൗളിങ് പ്രതീക്ഷ. മറുവശത്ത് ആദ്യ ജയം തേടിയാണ് അയര്‍ലന്‍ഡ് ഇറങ്ങുന്നത്. ഇന്ത്യയോടും കാനഡയോടും പരാജയപ്പെട്ട ടീം ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനത്താണ്.
ബാറ്റിങ്ങില്‍ നായകന്‍ പോള്‍ സ്റ്റെര്‍ലിങ്ങിനൊപ്പം ജോര്‍ജ് ഡോക്റെല്‍, ഗാരെത് ഡെലാനി, റോസ് അഡയര്‍ എന്നിവര്‍ പ്രതീക്ഷ നല്‍കുന്നു. മാര്‍ക്ക് അഡയര്‍, ബെഞ്ചമിന്‍ വൈറ്റ്, ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യംഗ് എന്നിവരാണ് ഐറിഷ് നിരയുടെ ബൗളിങ് പ്രതീക്ഷ. ഇതുവരെ ഇരു ടീമുകളും ആറ് മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്.
ഇതില്‍ അഞ്ച് മത്സരങ്ങള്‍ അയര്‍ലന്‍ഡും ഒരു മത്സരം യുഎസ്എയും ജയിച്ചിട്ടുണ്ട്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇരുടീമും ഇറങ്ങുന്നത്.