കൊളംബോ:വിരാട് കോലിയുടെയും കെ.എൽ.രാഹുലിന്റെയും സെഞ്ചുറിയുടെ കരുത്തിൽ പാകിസ്ഥാനെതിരെ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് അടിച്ചുകൂട്ടി ഇന്ത്യ. കെ.എൽ.രാഹുൽ 106 പന്തിൽ നിന്ന് 111 റൺസും (നോട്ടൗട്ട്) വിരാട് കോലി 94 പന്തിൽ നിന്ന് 122 റൺസും (നോട്ടൗട്ട്) നേടി.
മഴയെ തുടർന്ന് ഒരു മണിക്കൂറിലേറെ വൈകിയാണ് റിസര്‍വ് ദിവസമായ തിങ്കളാഴ്ച കളി തുടങ്ങിയത്. ഞായറാഴ്ച 24.1 ഓവറിൽ 2ന് 147 എന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോഴായിരുന്നു മഴ തുടങ്ങിയത്. തുടർന്ന് കളി റിസർവ് ദിവസത്തിലേക്കു മാറ്റിവച്ചു. ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഇന്ത്യയ്ക്കായി അർധ സെഞ്ചറി നേടി. രോഹിത് 49 പന്തിൽ 56 റൺസും, ശുഭ്മൻ ഗിൽ 52 പന്തിൽ 58 റണ്‍സും നേടി പുറത്തായി. ഷഹീൻ അഫ്രീദിയും ഷദാബ് ഖാനും പാക്കിസ്ഥാനുവേണ്ടി ഓരോ വിക്കറ്റുകൾ വീഴ്ത്തി.
മത്സരത്തിൽ ഇരു ടീമുകൾക്കും 50 ഓവർ വീതം ലഭിക്കും. നേരത്തേ, ഗ്രൂപ്പ് റൗണ്ടിലെ ഇന്ത്യ– പാക്ക് മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് സൂപ്പർ ഫോർ മത്സരത്തിന് റിസർവ് ഡേ ഏർപ്പെടുത്താൻ തീരുമാനിച്ചത്.