കുട്ടിക്രിക്കറ്റ് പൂരത്തിന്റെ ഒന്‍പതാം പതിപ്പിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും ആതിധേയത്വം വഹിക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഹിറ്റ്മാനും സംഘവും ന്യൂയോര്‍ക്കിലിറങ്ങിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ള താരങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇന്ത്യന്‍ സ്‌ക്വാഡ്. ടീമില്‍ എല്ലാ മേഖലകളിലും കഴിവ് പുറത്തെടുക്കാന്‍ ഓരോ താരങ്ങളും ശ്രമിക്കുമ്പോള്‍ 22 വാരം ഭൂപ്രദേശത്തിനപ്പുറം ഗ്രൗണ്ടിനെയും ഗ്യാലറിയുടെ ഹൃദയ താളത്തെയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നയാളാണ് ക്യാപ്റ്റന്‍.
ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റില്‍, കുറഞ്ഞ സമയത്തിനുള്ളില്‍ ഡിസിഷന്‍ മേക്കറാവാനും, സഹതാരങ്ങളുടെ സമ്മര്‍ദങ്ങളെ ബൗണ്ടറി ലൈനിനപ്പുറത്തേക്ക് കടത്താനും നായകന്‍ വലിയ പങ്കുവഹിക്കുന്നു. ഐസിസി ടി20 ലോകകപ്പിന്റെ ചരിത്രം നോക്കുമ്പോള്‍ മിടുക്കരായ ഇന്ത്യന്‍ നായകന്മാര്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് ടി20 കിരീടം നേടാനായത്.
2007 മുതല്‍ 2024 വരെയുള്ള ടി20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യന്‍ ക്യാപ്റ്റന്മാരെ പരിചയപ്പെടാം
1. 2007 - 2016- എംഎസ് ധോണി
ക്യാപ്റ്റന്‍ കൂള്‍ എന്ന് വിശേഷണമുള്ള എംഎസ് ധോണിക്ക് കീഴില്‍ 2007 മുതല്‍ 2016 വരെ ആറ് പതിപ്പുകളിലാണ് ഇന്ത്യ ടി20 ലോകകപ്പ് കളിച്ചത്.
ആദ്യമായി ടി20 ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചതും ധോണി ക്യാപ്റ്റനായുള്ള ടീമായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെയാണ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെടുത്തിയത്. സൂപ്പര്‍ എട്ട് റൗണ്ടില്‍ കിവീസിനെതിരായ ഒരു മത്സരത്തില്‍ മാത്രമാണ് യുവനിര തോല്‍വിയറിഞ്ഞത്. ഈ കിരീട നേട്ടത്തിന് ശേഷം ധോണിയുടെ നേതൃത്വത്തിലുളള ടീമിന് ടി20 ലോകകപ്പിന്റെ അടുത്ത മൂന്ന് പതിപ്പുകളിലും സെമിയിലെത്താന്‍ കഴിഞ്ഞില്ല. 2009, 2010, 2012 പതിപ്പുകളില്‍ ഇന്ത്യ സൂപ്പര്‍ എട്ടില്‍ പുറത്തായിരുന്നു. 2014-ല്‍ ബംഗ്ലാദേശില്‍ നടന്ന ലോകകപ്പില്‍ പരാജയമറിയാതെ ഫൈനലില്‍ എത്തിയെങ്കിലും ശ്രീലങ്കയുടെ മുന്നില്‍ ഇന്ത്യയ്ക്ക് അടിതെറ്റി. 2016ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഞെട്ടിച്ചെങ്കിലും തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ ജയിക്കാന്‍ നീലപ്പടയ്ക്കായി. എന്നാല്‍ ഫൈനലില്‍ വാങ്കെഡെയിലെ പോരാട്ടത്തില്‍ കരീബിയന്‍ പടയ്ക്ക് മുന്നില്‍ ഇന്ത്യ വീണു. ഡാരന്‍ സമിയും സംഘവും കിരീടം വെസ്റ്റ് ഇന്‍ഡീസിലേക്ക് കൊണ്ടുപോയി.
2. 2021- വിരാട് കോഹ്ലി
സൂപ്പര്‍ താരം കിംഗ് കോഹ്ലിയുടെ കീഴില്‍ 2021ലാണ് ഇന്ത്യ ടി20 ലോകകപ്പ് കളിച്ചത്. യുഎഇ ആതിധേയത്വം വഹിച്ച ലോകകപ്പില്‍ നിര്‍ണായകമായ ആദ്യത്തെ രണ്ടുമത്സരങ്ങളിലും ടീം തോല്‍വിയറിഞ്ഞു. പാകിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരായ മത്സരങ്ങള്‍ പരാജയപ്പെട്ട ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, സ്‌കോട്ട്ലന്‍ഡ്, നമീബിയ എന്നീ ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ ജയിച്ചിരുന്നു. പക്ഷേ സെമികടക്കാനായില്ല. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതോടെ വിരാട് കോഹ്ലി ടി20 നായക സ്ഥാനം ഒഴിയുകയായിരുന്നു.
3. 2022,2024- രോഹിത് ശര്‍മ്മ
നായക പദവിയിലേക്കെത്തിയ ഹിറ്റ്മാന് വലിയ വെല്ലുവിളിയായിരുന്നു 2022ലെ ടി20 ലോകകപ്പ്. ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പില്‍ രോഹിത് ശര്‍മ്മയ്ക്ക് കീഴിലാണ് ഇന്ത്യയിറങ്ങിയത്. സൂപ്പര്‍ 12 റൗണ്ടിലെ അഞ്ച് മത്സരങ്ങളില്‍ നാലിലും ടീം ജയിച്ചുകയറി. മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാകിസ്ഥാനെതിരെ നേടിയ ത്രില്ലര്‍ ജയവും ഹിറ്റ്മാന്റെ നായക കരിയറില്‍ 'സൂപ്പര്‍ ഹിറ്റായി'. പക്ഷേ അഡ്ലെയ്ഡില്‍ ഇംഗ്ലീഷ് പടയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ടീമിന് പിഴച്ചു. സെമിയില്‍ ജോസ് ബട്ട്ലറുടെ നേതൃത്വത്തിലിറങ്ങിയ ഇംഗ്ലണ്ടിനോട് പത്തുവിക്കറ്റിനാണ് രോഹിത്തും സംഘവും പരാജയം രുചിച്ചത്. ഇതോടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇന്ത്യ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.