പാരീസ് ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയില്‍ മെഡല്‍ പ്രതീക്ഷകളുമായി ഇന്ത്യ ഇന്നിറങ്ങുന്നു. രാത്രി 10.30 ന് നടക്കുന്ന സെമിഫൈനലില്‍ ജര്‍മ്മനിയാണ് എതിരാളികള്‍. അതേസമയം ക്വാര്‍ട്ടറില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച ഇന്ത്യയുടെ അമിത് രോഹിദാസിന് സെമിഫൈനല്‍ നഷ്ടമാകും.
ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഗ്രേറ്റ് ബ്രിട്ടനെ തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യന്‍ നിര സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്. ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ജേതാക്കളെ കണ്ടെത്തിയത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.
മലയാളി താരം പിആര്‍ ശ്രീജേഷിന്റെ മികച്ച ഗോള്‍കീപ്പിങ് പ്രകടനമാണ് ഇന്ത്യയ്ക്ക് സെമി ടിക്കറ്റ് ഉറപ്പാക്കിയത്. എന്നാല്‍ ജര്‍മ്മനിക്കെതിരായ സെമി ഫൈനല്‍ അത്ര എളുപ്പമാകില്ല ഇന്ത്യയ്ക്ക്. മികച്ച ഫോം തുടരുന്ന നായകന്‍ ഹര്‍മന്‍പ്രീത് സിംഗ് തന്നെയാണ് ഇന്ത്യയുടെ നെടുംതൂണ്‍. മലയാളി താരം പിആര്‍ ശ്രീജേഷ് ഗോള്‍മുഖത്ത് വന്‍മതിലായി കരുത്തേകും.
അതേസമയം ക്വാര്‍ട്ടര്‍ ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയ അമിത് രോഹിദാസിന് ജര്‍മനിക്കെതിരായ നിര്‍ണായക സെമിഫൈനല്‍ മത്സരം നഷ്ടമാകും. താരത്തിന് ഒരു കളിയില്‍ വിലക്കേര്‍പ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
രോഹിദാസിന്റെ അഭാവം പ്രതിരോധത്തില്‍ വലിയ വിള്ളലുണ്ടാക്കും. രോഹിദാസിന്റെ ചുവപ്പ് കാര്‍ഡിനെതിരെ ഇന്ത്യ രാജ്യാന്തര ഹോക്കി ഫെഡറേഷന് പരാതി നല്‍കിയിട്ടുണ്ട്. വിലക്ക് പിന്‍വലിച്ചാല്‍ താരത്തിന് സെമിഫൈനലില്‍ കളിക്കാനാകും. രാത്രി 10.30 നാണ് മത്സരം നടക്കുക.