ലീഗ്‌സ് കപ്പ് ഫുട്‌ബോളില്‍ ഇന്റര്‍മയാമിയുടെ മെസ്സിപ്പടയ്ക്ക് ബുധനാഴ്ച നോക്കൗട്ട് പോരാട്ടം. ഓര്‍ലാണ്ടോ സിറ്റിയാണ് മെസ്സിപ്പടയുടെ നോക്കൗട്ട് റൗണ്ട് എതിരാളി.
ലയണല്‍ മെസിയെ ക്ലബ്ബിലെത്തിച്ചതോടെ ഇന്റര്‍മയാമിക്ക് ലോകമെമ്പാടും അനവധി ആരാധകരാണ് ഇപ്പോള്‍ ഉള്ളത്. ദി ഹെറോണ്‍സ് എന്ന വിളിപ്പേര് ആരാധകര്‍ക്ക് അത്രയേറെ പരിചിതമായിക്കഴിഞ്ഞു. കാല്‍പന്ത് കളിയിലെ മിശിഹ മയാമിയുടെ പിങ്ക് ജഴ്‌സിയില്‍ നിറഞ്ഞാടുകയാണ് ഇപ്പോള്‍. ഇന്റര്‍കോണ്ടിനെന്റല്‍ ലീഗ്‌സ് കപ്പാണ് മെസിയുടെ ഇന്ദ്രജാല പ്രകടനങ്ങള്‍ക്ക് വേദിയായത്.
കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകള്‍ നേടിയ മെസി മയാമിയെ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ആരാധകര്‍ക്ക് അര്‍മാദിക്കാന്‍ എന്തുവേണം.പി എസ് ജിയിലെ ഫോമില്ലാക്കാലമല്ല ഇപ്പോള്‍ ഇന്റര്‍മയാമിയില്‍ മെസിക്ക്. ക്ലബ്ബുടമ ബെക്കാമിനൊപ്പം വിജയാഹ്ലാദം പങ്കിടുന്ന മെസി മയാമിയുടെ ബ്രാന്‍ഡ് അംബാസിഡറായി മാറിയിട്ടുണ്ട്. മെക്സിക്കന്‍ക്ലബ്ബ് ക്രൂസ് അസൂളിനെതിരെ മെസി നേടിയ മഴവില്‍ഫ്രീകിക്ക് ഗോള്‍ ആരാധകരെ ഒട്ടൊന്നുമല്ല ആഹ്ലാദത്തിലാറാടിച്ചത്. അത്രയേറെ ചന്തം മിശിഹയുടെ ഈ സുന്ദരഗോളിനുണ്ടായിരുന്നു.
കാല്‍പന്ത് കളിയിലെമിശിഹക്ലബ്ബിലെത്തിയതോടെ മയാമി വേറെ ലെവലിലായെന്നാണ് ആരാധകരും കരുതുന്നത്.ജെ ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവുമായി ആറു പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായാണ് ഇന്റര്‍മയാമി നോക്കൗട്ട് റൗണ്ടിലേക്ക് ടിക്കറ്റെടുത്തത്. ഓര്‍ലാണ്ടോ സിറ്റിയാണ് നോക്കൗട്ട് റൗണ്ടില്‍ മയാമിയുടെ മെസ്സിപ്പടയുടെ എതിരാളി. ഐ ഗ്രൂപ്പ് ജേതാക്കളെന്ന നിലയിലാണ് ഓര്‍ലാണ്ടോ സിറ്റി മെസ്സിപ്പടയുമായി മുട്ടാന്‍ യോഗ്യത നേടിയത്.എം എല്‍ എസ് ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഓര്‍ലാണ്ടോ സിറ്റി.
23 മത്സരങ്ങളില്‍ നിന്നും 10 വിജയങ്ങള്‍ ഉള്‍പ്പെടെ 37 പോയിന്റാണ് ഓര്‍ലാണ്ടോ സിറ്റിക്കുള്ളത്.ഏറ്റവും ഒടുവിലായി ഇരുടീമുകളും 3 തവണ ഏറ്റുമുട്ടിയപ്പോള്‍ 2 വിജയങ്ങള്‍ ഓര്‍ലാണ്ടോസിറ്റിക്കൊപ്പം നിന്നു. ഒരു വിജയം ഇന്റര്‍മയാമി നേടി.
ദി ലയണ്‍സ് എന്ന വിളിപ്പേരുള്ള ഓര്‍ലാണ്ടോസിറ്റി മികച്ച പോരാളികളുടെ സംഘമാണ്. അതിനാല്‍ തന്നെ ലീഗ്‌സ് കപ്പ് നോക്കൗട്ട് റൗണ്ടില്‍ മെസിയുടെ മയാമിക്ക് മികച്ച എതിരാളികളാണ് ഓര്‍ലാണ്ടോസിറ്റി.റോബിന്‍ ജാന്‍സണ്‍,കൈല്‍സ്മിത്ത്,സെസാര്‍ അറൗജോ,ഗോള്‍കീപ്പര്‍ പെഡ്രോ ഗല്ലെസെ എ്ന്നിവരാണ് ഓര്‍ലാണ്ടോ സിറ്റിയുടെ പ്രധാനതാരങ്ങള്‍.ടൂര്ണമെന്റില്‍ കിരീടം ഇന്റര്‍മയാമിക്ക് അഭിമാനപ്രശ്നമായതിനാല്‍ ടീം കാത്തിരിക്കുന്നത് പൊരിഞ്ഞ പോരിനാണ്.
പോരാളികളുടെ സംഘമായ ദി ലയണ്‍സും, മെസ്സിയുടെ ചുമലിലേറി ദി ഹെറോണ്‍സും നേര്‍ക്ക്‌നേര്‍ വരുമ്പോള്‍ ടെക്‌സാസിലെ ടൊയോട്ട സ്‌റ്റേഡിയം വേദിയാവുക മധ്യഅമേരിക്ക ഇതേവരെ കാണാത്ത ആവേശപ്പോരാട്ടത്തിനാണ്.