ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി യുകെയിലേക്കു താമസം മാറാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. വിരാട് കോലിയും കുടുംബവും ഉടന്‍ ഇന്ത്യ വിട്ട് ലണ്ടനിലേക്ക് മാറുമെന്ന് കോലിയുടെ ആദ്യകാല പരിശീലകൻ രാജ്കുമാര്‍ ശർമ പറഞ്ഞു. ദൈനിക് ജാഗ്രന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഡല്‍ഹിയില്‍ ജനിച്ചു വളർന്ന കോലി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലേക്ക് താമസം മാറ്റി. 2017 ഡിസംബറില്‍ ഇറ്റലിയില്‍ വെച്ചാണ് കോലിയും അനുഷ്‌കയും വിവാഹിതരായത്. ഇവരുവര്‍ക്കും രണ്ടു മക്കളാണ് ഉള്ളത്. വാമിക 2021 ജനുവരിയിലും അകായ് 2024 ഫെബ്രുവരിയിലും ജനിച്ചു. കോലിയും അനുഷ്കയും ലണ്ടനിൽ അടുത്തിടെ കുറച്ച് വസ്തു സ്വന്തമാക്കിയിരുന്നു. രണ്ടാമത്തെ കുഞ്ഞ് പിറന്നതിന് പിന്നാലെ ദമ്പതികൾ കൂടുതൽ സമയവും അവിടെയാണ് ചിലവഴിച്ചിരുന്നത്.
കോലിയുടെ വിരമിക്കൽ പദ്ധതികളെക്കുറിച്ചും രാജ്‌കുമാര്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. കോലിയുടെ ഫോം ആശങ്കപ്പെടേണ്ടതില്ലെന്നും ബോർഡർ-ഗവാസ്‌കറിലെ അടുത്ത രണ്ട് ടെസ്റ്റുകളിൽ ഇന്ത്യയ്‌ക്കായി രണ്ട് സെഞ്ച്വറി കൂടി നേടുമെന്നും അദ്ദേഹം പറഞ്ഞു. 'വിരാട് തന്റെ കരിയറിലെ ഏറ്റവും മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയിരുന്നു. വരാനിരിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ അദ്ദേഹം രണ്ട് സെഞ്ചുറികള്‍ കൂടി നേടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവന്‍ എപ്പോഴും ക്രിക്കറ്റ് ആസ്വദിച്ചു. അവന്റെ ഫോമില്‍ ആശങ്കപ്പെടേണ്ട കാര്യമല്ല. വിഷമകരമായ സാഹചര്യങ്ങളില്‍ എങ്ങനെ പ്രകടനം നടത്തണമെന്നും തന്റെ ടീമിനെ മത്സരം വിജയിപ്പിക്കാന്‍ സഹായിക്കണമെന്നും അദ്ദേഹത്തിന് അറിയാം' രാജ്കുമാര്‍ പറഞ്ഞു.
വിരാട് ഇപ്പോഴും വളരെ ഫിറ്റാണ്, റിട്ടയർമെൻ്റ് എടുക്കാനുള്ള പ്രായമായിട്ടില്ല. അഞ്ച് വർഷം കൂടി കളിക്കുമെന്ന് കരുതുന്നു. 2027ലെ ഏകദിന ലോകകപ്പിൽ അദ്ദേഹം തീർച്ചയായും ഇന്ത്യക്കായി കളിക്കും. കഴിഞ്ഞ 26 വർഷമായി എനിക്ക് അദ്ദേഹത്തെ അറിയാം, അതുകൊണ്ടാണ് അദ്ദേഹത്തിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് എനിക്ക് പറയാൻ കഴിയുന്നത്', ശർമ്മ കൂട്ടിച്ചേർത്തു.