ഫിഫ വനിതാ ലോകകപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡും നോര്‍വെയും ഏറ്റുമുട്ടും. ഓസ്‌ട്രേലിയ-റിപബ്ലിക് ഓഫ് അയര്‍ലന്‍ഡ് മത്സരവും ഇന്ന് അരങ്ങേറും. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30നും വൈകിട്ട് 3.30നുമാണ് മത്സരങ്ങള്‍.
ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ചേര്‍ന്നാണ് ഫിഫ വനിതാ ലോകകപ്പ് ഒന്‍പതാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. രണ്ട് രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ആദ്യ വനിതാ ലോകകപ്പാണിത്. ഒന്‍പത് നഗരങ്ങളിലെ 10 വേദികളിലായി 64 മത്സരങ്ങള്‍. നിലവിലെ ലോക ചാമ്പ്യന്‍മാരായ അമേരിക്ക ഉള്‍പ്പെടെ 32 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. എട്ട് രാജ്യങ്ങളുടെ അരങ്ങേറ്റ ലോകകപ്പ്.
റിപബ്ലിക് ഓഫ് അയര്‍ലന്‍ഡ്, വിയറ്റ്‌നാം, സാംബിയ, ഹെയ്തി, മൊറോക്കോ, പനാമ, ഫിലിപ്പീന്‍സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നത്. ലോക റാങ്കിംഗില്‍ അമേരിക്ക ഒന്നാമതും ആഫ്രിക്കന്‍ അരങ്ങേറ്റക്കാരായ സാംബിയ 77ാം സ്ഥാനത്തുമാണ്. വനിതാ ലോകകപ്പില്‍ കളിക്കാര്‍ക്ക് ആദ്യമായി ഫിഫ നേരിട്ട് പണം നല്‍കുന്നുവെന്നത് ടൂര്‍ണമെന്റിന്റെ സവിശേഷതയാണ്.
ലിംഗസമത്വം, സമാധാനം, ഉള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ അടങ്ങിയ ആംബാന്‍ഡ് ധരിക്കാന്‍ ക്യാപ്റ്റന്‍മാരെ അനുവദിക്കുമെന്നതും ലോകകപ്പിന്റെ പ്രത്യേകതയാണ്. അഞ്ചാം ലോകകിരീടം ലക്ഷ്യമിട്ടിറങ്ങുന്ന അമേരിക്ക തന്നെയാണ് ജേതാക്കളുടെ സാധ്യതാ പട്ടികയില്‍ മുന്നില്‍. 2022 യൂറോ ജേതാക്കളായ ഇംഗ്ലണ്ട്, ലോകത്തിലെ ഏറ്റവും മികച്ച വനിതാ താരം അലക്‌സിയ പുറ്റെല്ലസിന്റെ സ്‌പെയിന്‍, പരിചയ സമ്പന്നനായ ഹെര്‍വ് റെനാര്‍ഡിന്റെ കീഴിലിറങ്ങുന്ന ഫ്രാന്‍സ് ഹോംഗ്രൗണ്ടിലിറങ്ങുന്നതിന്റെ ആത്മവിശ്വാസത്തില്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ അണിനിരക്കുമ്പോള്‍ പ്രവചനങ്ങള്‍ അസാധ്യമെന്നു തന്നെ പറയാം.