രാജാക്കന്‍മാരുടെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങസിനെ തകര്‍ത്ത് പഞ്ചാബ് കിങ്ങ്‌സ്.പതിമൂന്നു പന്തുകള്‍ കൂടി ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നാണ് പഞ്ചാബിന്റെ ജയം.
ചെന്നൈയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ജയം സ്വന്തമാക്കിയതോടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് പഞ്ചാബിന്റെ രാജാക്കന്‍മാര്‍.ഒപ്പം ചെന്നൈയെ അവരുടെ തന്നെ തട്ടകത്തില്‍ തോല്‍പിച്ചതിന്റെ സന്തോഷവും.ജോണി ബെയര്‍സ്റ്റോയുടെയും റൈലി റൂസ്സോയുടെയും കൂട്ടുകെട്ടാണ് ചെന്നൈ ബൗളിങ് നിരയുടെ അടിത്തറ തകര്‍ത്തത്.നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ്ങിനെ നഷ്ടമായപ്പോഴും പഞ്ചാബ് പതറാതിരുന്നത്,രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ച ബെയര്‍സ്റ്റോ - റൂസ്സോ കൂട്ടുകെട്ടിന്റെ ബലത്തിലാണ്.
ബെയര്‍സ്‌റ്റോ 30 പന്തില്‍ നിന്ന് ഒരു സിക്‌സും 7 ഫോറുമടക്കം 46 റണ്‍സെടുത്തപ്പോള്‍,റൂസ്സോ 23 പന്തില്‍ നിന്ന് 2 സിക്‌സും 5 ഫോറും അടക്കം 43 റണ്‍സെടുത്തു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ചെന്നൈക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേ സാധിച്ചിരുന്നുള്ളൂ.
പതിവു പോലെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് തന്നെയാണ് ഇത്തവണയും ചെന്നൈയെ മോശമല്ലാത്ത സ്‌കോറിലേക്കെത്തിച്ചത്.