Share this Article
മെഡലുറപ്പിച്ച് ഇന്ത്യ; ഏഷ്യന്‍ ചാമ്പ്യനെ വീഴ്ത്തി പ്രണോയ്; ശ്രീകാന്തിനെ അട്ടിമറിച്ച് പ്രിയാന്‍ഷു
വെബ് ടീം
posted on 04-08-2023
1 min read
AUSTRELIAN OPEN SUPER 500 BADMINTON

സിഡ്‌നി: ഇന്ത്യയുടെ മലയാളി താരം എച്ച് എസ് പ്രണോയ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 2023 സൂപ്പര്‍ 500 ബാഡ്മിന്റണ്‍ സെമി ഫൈനലില്‍. ഇന്ത്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തില്‍ കിഡംബി ശ്രീകാന്തിനെ ഇന്ത്യയുടെ തന്നെ പ്രിയാന്‍ഷു രജാവത് അട്ടിമറിച്ചു. പ്രിയാന്‍ഷുവും സെമി ബെര്‍ത്ത് ഉറപ്പാക്കി. അതേസമയം വനിതാ വിഭാഗത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായ പിവി സിന്ധു ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. 

പ്രണോയ്, പ്രിയാന്‍ഷു എന്നിവര്‍ സെമിയിലേക്ക് കടന്നതോടെ ഇന്ത്യ ഒരു മെഡലും ഉറപ്പാക്കി. ടൂര്‍ണമെന്റിലെ രണ്ടാം സെമി ഇന്ത്യന്‍ താരങ്ങള്‍ തമ്മിലായിരിക്കും. 

ലോക ഒന്‍പതാം നമ്പര്‍ താരമായ പ്രണോയ് ഏഷ്യന്‍ ചാമ്പ്യനും റാങ്കില്‍ രണ്ടാം സ്ഥാനത്തുമുള്ള ഇന്തോനേഷ്യയുടെ ആന്റണി ജിന്‍ഡിങ്ങിനെയാണ്  വീഴ്ത്തിയത്. ഈ സീസണില്‍ മിന്നും ഫോമിലാണ് പ്രണോയ് കളിക്കുന്നത്. 

ക്വാര്‍ട്ടറില്‍ ശക്തമായി തിരിച്ചടിച്ചാണ് താരം വിജയവും സെമിയും ഉറപ്പാക്കിയത്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകള്‍ പിടിച്ചെടുത്താണ് പ്രണോയ് വിജയിച്ചത്. സ്‌കോര്‍: 16-21, 21-17, 21-14. 

വെറും അര മണിക്കൂര്‍ കൊണ്ടാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ശ്രീകാന്തിനെ പ്രയാന്‍ഷു അട്ടിമറിച്ചത്. സ്‌കോര്‍: 21-13, 21-8. 

വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ പിവി സിന്ധുവിനെ അമേരിക്കയുടെ ബെയ്‌വന്‍ സാങാണ്  വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകളിലാണ് സിന്ധു വീണത്. സ്‌കോര്‍: 12-21, 17-21. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories