കോപ്പ അമേരിക്ക, യൂറോ കപ്പ് ടൂര്‍ണമെന്റുകളുടെ ഫൈനല്‍ ചിത്രം തെളിഞ്ഞു. കോപ്പയില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് കൊളംബിയയാണ് എതിരാളികള്‍. യൂറോ കപ്പ് കലാശപ്പോരില്‍ സ്‌പെയിനും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും. തിങ്കളാഴ്ചയാണ് ഫൈനല്‍ പോരാട്ടങ്ങള്‍ അരങ്ങേറുക.
യൂറോ, കോപ്പ അമേരിക്ക കിരീടങ്ങളിലേക്ക് ഇനി ഒരേയൊരു മത്സരത്തിന്റെ ദൂരം. യൂറോ കപ്പിലെ ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ നെതര്‍ലന്റ്‌സിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് പടയുടെ ജയം.
മത്സരമാരംഭിച്ച് ഏഴാം മിനുട്ടില്‍ തന്നെ സാവി സിമണ്‍സ് നെതര്‍ലന്റ്‌സിന് ലീഡ് നേടിക്കൊടുത്തു. എന്നാല്‍ ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. 18ാം മിനുട്ടില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു.
90ാം മിനുട്ടില്‍ ഒലി വാറ്റ്കിന്‍സ് ലീഡുയര്‍ത്തിയതോടെ ഇംഗ്ലണ്ട് ഫൈനലിലേക്ക്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോ ഫൈനല്‍ ഉറപ്പാക്കുന്നത്. കരുത്തരായ സ്‌പെയിനാണ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
ആവേശകരമായ പോരാട്ടമാണ് കോപ്പയിലെ രണ്ടാം സെമി ഫൈനലില്‍ കാണാനായത്. ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വേയെ പരാജയപ്പെടുത്തിയാണ് കൊളംബിയ ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയത്. 39ാം മിനുട്ടില്‍ കോര്‍ണറില്‍ നിന്നുള്ള ജെയിംസ് റോഡ്രിഗസിന്റെ പാസ് കൃത്യമായി വലയിലെത്തിച്ച് ജെഫേര്‍സണ്‍ ലേര്‍മ കൊളംബിയയെ മുന്നിലെത്തിച്ചു.
ഗോള്‍ മടക്കാന്‍ ഉറുഗ്വേ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആദ്യപകുതിയുടെ അവസാന മിനുട്ടില്‍ ഡാനിയേല്‍ മുനോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ കൊളംബിയ പത്ത് പേരായി ചുരുങ്ങി. രണ്ടാം പകുതി പൂര്‍ണമായും കൊളംബിയ പത്ത് പേരുമായി കളിച്ചിട്ടും ആ ആനുകൂല്യം മുതലാക്കാന്‍ ഉറുഗ്വേയ്ക്ക് കഴിഞ്ഞില്ല.
ഏകപക്ഷീയമായ ഒരു ഗോളിന് കൊളംബിയ ഫൈനലിലേക്ക്. ലോകചാമ്പ്യന്മാരായ അര്‍ജന്റീനയാണ് കൊളംബിയയുടെ എതിരാളികള്‍. തിങ്കളാഴ്ചയാണ് ഫൈനല്‍ പോരാട്ടങ്ങള്‍ നടക്കുക. യൂറോ കപ്പ് ഫൈനല്‍ പുലര്‍ച്ചെ 12.30നും കോപ്പ അമേരിക്ക ഫൈനല്‍ 5.30നും നടക്കും. ഞായറാഴ്ച പുലര്‍ച്ചെ 5.30ന് കാനഡയും ഉറുഗ്വേയും തമ്മിലുള്ള ലൂസേഴ്‌സ് ഫൈനലും അരങ്ങേറും.