Share this Article
സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടുമോ എന്ന ആശങ്കയില്‍ ആരാധകര്‍
Fans worried that Sanju will leave Rajasthan Royals

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമോ എന്ന ആശങ്കയില്‍ ആരാധകര്‍. മൂന്ന് ക്ലബ്ബുകള്‍ കിടിലന്‍ ഓഫറുകളുമായി സഞ്ജുവിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സഞ്ജുവിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് ക്ലബ്ബും ആരാധകരും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിനായുള്ള ഒരുക്കങ്ങള്‍ ഇതിനോടകം തന്നെ ക്ലബ്ബുകളെല്ലാം ആരംഭിച്ചു കഴിഞ്ഞു. മെഗാലേലം വരാനിരിക്കെ ട്രാന്‍സ്ഫറിനായുള്ള തയ്യാറെടുപ്പിലാണ് താരങ്ങളും.

ഇതോടെ താരങ്ങളുടെ കൂടുമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ശക്തമാവുകയാണ്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും ദേശീയ ടീമംഗവുമായ മലയാളി താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് സജീവമാകുന്നത്.

മൂന്ന് വമ്പന്‍ ക്ലബ്ബുകള്‍ കിടിലന്‍ ഓഫറുമായി സഞ്ജുവിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മുന്‍പന്തിയില്‍. എംസ് ധോണി അടുത്ത സീസണില്‍ ക്ലബ്ബിനൊപ്പം ഉണ്ടായേക്കില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ മികച്ച ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ ചെന്നൈക്ക് ടീമിലെത്തിക്കണം.

രാജസ്ഥാനില്‍ നിന്ന് സഞ്ജുവും ഡല്‍ഹിയില്‍ നിന്ന് റിഷഭ് പന്തുമാണ് ചെന്നൈയുടെ ഉന്നം. റിഷഭ് മാറാനുള്ള സാധ്യത കുറവെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ സഞ്ജുവിനായുള്ള ശ്രമങ്ങള്‍ ക്ലബ്ബ് സജീവമാക്കും. 

ദേശീയ ടീമിലെ സജീവ സാന്നിധ്യമാകാന്‍ ഇനിയും സഞ്ജുവിന് കഴിഞ്ഞിട്ടില്ല. കരിയറിലെ നിര്‍ണായ ഘട്ടത്തിലൂടെയാണ് താരം ഇപ്പോള്‍ കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ധോണിയുടെ പകരക്കാരനായി ചെന്നൈക്കൊപ്പം ചേരാന്‍ കഴിഞ്ഞാല്‍ താരത്തിന്റെ കരിയറിന് അത് ഗുണം ചെയ്യും.

അതേസമയം റിഷഭ് പന്ത് ചെന്നൈയ്‌ക്കൊപ്പം ചേരുകയാണെങ്കില്‍ സഞ്ജുവിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് ഡല്‍ഹിയുടെ കണക്ക് കൂട്ടല്‍.

സൂപ്പര്‍ താരം വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സഞ്ജുവിനായി രംഗത്തുള്ള മറ്റൊരു വമ്പന്‍ ക്ലബ്ബ്. കെഎല്‍ രാഹുലിനെ ടീമിലെത്തിച്ച് ക്യാപ്റ്റനാക്കാനുള്ള ആലോചനകള്‍ ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ സമീപകാല പ്രകടനങ്ങളൊന്നും തൃപ്തികരമല്ല.

ഈ സാഹചര്യത്തില്‍ സഞ്ജു സാംസണെ ക്ലബ്ബ് സമീപിച്ചതായാണ് റിപ്പോര്‍ട്ട്. സഞ്ജുവിനെ സംബന്ധിച്ച് ആര്‍സിബിയും മികച്ച ഓഫറാണ്. അതേസമയം സഞ്ജുവിനെ ക്യാപ്റ്റനാക്കി നിലനിര്‍ത്താനാണ് രാജസ്ഥാന്റെ തീരുമാനം.

നേരത്തേ വലിയ ഓഫറുകള്‍ ലഭിച്ചപ്പോഴൊന്നും ക്ലബ്ബ് വിടാന്‍ സഞ്ജുവും തയ്യാറായിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ താരം എന്ത് തീരുമാനമെടുക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories