അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനം. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലോ ദുബായിലോ നടത്തണമെന്ന് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ ഭാഗമായാണ് നടപടി. ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷ അടക്കം മുന്‍നിര്‍ത്തിയായിരുന്നു ബിസിസിഐയുടെ തീരുമാനം.
2025 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയാണ് പാകിസ്ഥാനില്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് നടക്കുക. സുരക്ഷ പരിഗണിച്ച് ഇന്ത്യയുടെ മത്സരങ്ങളെല്ലാം ലാഹോര്‍ സ്‌റ്റേഡിയത്തില്‍ മാത്രമായി ക്രമീകരിക്കാം എന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.
എന്നാല്‍ ഇതും അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞ ഏഷ്യാ കപ്പിലേതിന് സമാനമായി ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം.