Share this Article
ബാഡ്മിന്റണിൽ ഭാഗ്യ ജോഡികളായി സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും
Satvik Sairaj and Chirag Shetty Comes Out As Lucky Pair in Badminton

ലോകബാഡ്മിന്റണ്‍ പുരുഷഡബിള്‍സില്‍ നേട്ടങ്ങളുടെ നിറവിലാണ് ഇന്ത്യയുടെ ഭാഗ്യ ജോഡിയായ സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും. ടോപ് സീഡുകളായ ഇന്തൊനീഷ്യന്‍ സഖ്യത്തെ തോല്‍പിച്ച് കൊറിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടതോടെ ഇന്ത്യന്‍ ജോഡികള്‍ രചിച്ചത് പുതിയ വിജയചരിത്രമാണ്.


സാത്വിക് സായി രാജ് രാംകി റെഡ്ഢി,ചിരാഗ് ഷെട്ടി. ഉച്ഛരിക്കാന്‍ ബുദ്ധിമുട്ടുള്ള ഈ രണ്ടു പേരുകള്‍ ഏറ്റെടുത്ത് ആഘോഷമാക്കുകയാണ് ഇപ്പോള്‍ ബാഡ്മിന്റണ്‍ പ്രേമികള്‍. സമീപകാലടൂര്‍ണമെന്റുകളിലെ മിന്നും പ്രകടനങ്ങളാണ് ഇരുവരെയും അത്രയേറെ പ്രിയങ്കരരാക്കിയത്. ടോപ് സീഡുകളായ ഇന്തൊനീഷ്യന്‍ ജോഡികളെ അട്ടിമറിച്ച് നേടിയ കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ കിരീടമാണ് ഇന്ത്യന്‍ ജോഡിയുടെ കരിയറിലെ ഏറ്റവും ഒടുവിലത്തെ പൊന്‍തൂവല്‍.


ഇന്തൊനീഷ്യയുടെ ഫജാര്‍ ആല്‍ഫിയാന്‍-മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ സഖ്യത്തിനെതിരെയായിരുന്നു ഇന്ത്യന്‍ ജോഡിയുടെ അഡാര്‍ പ്രകടനം. ആദ്യ ഗെയിം നഷ്ടപ്പെട്ട സാത്വികും ചിരാഗും പതറിയില്ല. പിന്നീടുള്ള രണ്ടു ഗെയിമുകളിലും മികച്ച പോരാട്ടവീര്യം പുറത്തെടുത്തപ്പോള്‍ കരിയറിലെ ആദ്യ കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ ജോഡിക്ക് സ്വന്തം.ടൂര്‍ണമെന്റിലുടനീളം സൂപ്പര്‍ പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്.  



സാത്വിക്-ചിരാഗ് സഖ്യത്തിന്റെ മൂന്നാമത് സൂപ്പര്‍-ഫൈവ് ഹണ്‍ട്രഡ് കിരീടനേട്ടമാണിത്.നേരത്തെ 2019ല്‍ തായിലന്‍ഡ് ഓപ്പണും 2023ലെ ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ കിരീടവുമാണ് ഈ ജോഡി സ്വന്തമാക്കിയത്.2022ലെ ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ പുരുഷഡബിള്‍സില്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം വെങ്കലം നേടി ചരിത്രം രചിച്ചിരുന്നു.പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ആദ്യ ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ കൂടിയായിരുന്നു ഇത്. 


ഈ വര്‍ഷം നടന്ന ഇന്തൊനീഷ്യന്‍ സൂപ്പറും സ്വിസ് ഓപ്പണ്‍സൂപ്പറും നേടിയതും ഇന്ത്യന്‍ ജോഡിയായിരുന്നു.2023ലെ ഏഷ്യാ ബാഡ്മിന്‌റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം കരസ്ഥമാക്കിയും ഇരുവരും പുതു ചരിത്രമെഴുതിയിരുന്നു.ടൂര്‍ണമെന്റില്‍ 58 വര്‍ഷത്തിന് ശേഷമായിരുന്നു ഇന്ത്യയുടെ സ്വര്‍ണനേട്ടം.22 കാരനായ സാത്വിക് സായിരാജ് ആന്ധ്രപ്രദേശിലെ അമലാപുരം സ്വദേശിയും 26കാരനായ ചിരാഗ് ഷെട്ടി മുംബൈസ്വദേശിയുമാണ്.


ലോക ബാഡ്മിന്റണില്‍ മൂന്നാം നമ്പറുകാരാണ് സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി ജോഡി. അതിശയിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ലോകബാഡ്മിന്റണില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ സാത്വിക് സായിരാജിനും ചിരാഗ് ഷെട്ടിക്കും അഭിനന്ദനങ്ങള്‍ നേരുകയാണ് കായികലോകം ഒന്നടങ്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories