ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള നാലാം ടി20 നാളെ. വൈകിട്ട് നാലരയ്ക്ക് ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് മത്സരം. പരമ്പര പിടിക്കാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ അട്ടിമറി ജയം ലക്ഷ്യമിടുകയാണ് സിംബാബ്‌വെ.
യുവനിരയുടെ കരുത്തില്‍ ഇന്ത്യയിറങ്ങിയപ്പോള്‍ ആദ്യം പതറിയെങ്കിലും പിന്നാലെ തുടര്‍ച്ചയായി രണ്ടുജയം. നാലാം മത്സരത്തിനിറങ്ങുമ്പോള്‍ സന്ദര്‍ശകരുടെ മുന്നിലുളളത് പരമ്പര സ്വന്തമാക്കുക എന്നത് മാത്രം. ലോകകപ്പിന് ശേഷമെത്തിയ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ ചേര്‍ന്നതോടെ ഇന്ത്യയുടെ കരുത്ത് ഇരട്ടിയായി.
ഫോം കണ്ടെത്തിയ നായകന്‍ ശുഭ്മാന്‍ ഗില്‍, റിതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസണ്‍ അഭിഷേക് ശര്‍മ എന്നിവരാണ് ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി മികച്ച പ്രകടനം പുറത്തെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് മധ്യനിര കാക്കുന്നത്. മുകേഷ് കുമാര്‍ ആവേശ് ഖാന്‍ രവി ബിഷ്ണോയ് എന്നിവരും ബൗളിങ്ങില്‍ ആതിഥേയര്‍ക്ക് വെല്ലുവിളിയാകും.
അതേസമയം മികച്ച ഫോമിലുള്ള ഡിയോണ്‍ മിയേഴ്‌സ്, ക്ലൈവ് മദാന്‍ഡെ എന്നിവര്‍ സിംബാബ്‌വെയുടെ മുന്‍നിര നയിക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം തുടരുന്ന നായകന്‍ സിക്കന്ദര്‍ റാസെയാണ് ടീമിന്റെ നെടുംതൂണ്‍.
തണ്ടെയ് ചതാര, വെല്ലിംഗ്ടണ്‍ മസകാഡ്സ, ബ്ലസിംങ് മുസറബാനി എന്നിവരുള്‍പ്പെടുന്ന ബൗളിങ് നിരയും ആതിഥേയര്‍ക്ക് കരുത്തേകും. സ്വന്തം തട്ടകമാണെങ്കിലും പിച്ചിന്റെ സ്വഭാവം മനസിലാക്കിയ ഇന്ത്യന്‍ നിര സിംബാബ്‌വെയ്ക്ക് ഭീഷണിയുയര്‍ത്തും. ആദ്യം ബാറ്റി ചെയ്യുന്ന ടീമിനെ തുണയ്ക്കുന്ന പിച്ച് പേസിനും സ്പിന്നിനും ഒരുപോലെ അനുകൂലമാണ്.