ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ന് നിര്‍ണായക പോരാട്ടം. ഇന്ത്യയുടെ ഡി.ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മിലുള്ള പതിമൂന്നാം റൗണ്ട് പോരാട്ടമാണ് ഇന്ന് സിംഗപൂരില്‍ നടക്കുക. പോയിന്റ് പട്ടികയില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്.
കളത്തിലെ കരുനീക്കങ്ങളില്‍ അടിയും തടയുമായി 12 റൗണ്ട്. ആദ്യ പോരാട്ടത്തില്‍ ഡിങ് ലിറനായിരുന്നു വിജയച്ചിരി. മൂന്നാം റൗണ്ടില്‍ ഗുകേഷിന്റെ തിരിച്ചടി. പിന്നെ തുടരെയുള്ള ഏഴ് മത്സരങ്ങളും സമനില. പതിനൊന്നാം റൗണ്ടില്‍ ഗുകേഷിന്റെ ഊഴമായിരുന്നു.
ഡിങ് ലിറന്റെ നിരാശാ നിഴലിന് മേല്‍ ഗുകേഷിന്റെ വിജയപ്രകാശം. പന്ത്രണ്ടാം പോരാട്ടത്തില്‍ ഡിങ് ലിറന്റെ പഴുതടച്ചുള്ള കരുനീക്കങ്ങളില്‍ ഗുകേഷിന് പിടിച്ചു നില്‍ക്കാനായില്ല.
ഇതോടെ ഇരുവര്‍ക്കും ആറ് പോയിന്റ് വീതമായി.ഇനി ബാക്കിയുള്ളത് രണ്ട് റൗണ്ട്. ആകെ പതിനാല് പോരാട്ടങ്ങളുള്ള ചാംപ്യന്‍ഷിപ്പില്‍ ആദ്യം ഏഴര പോയിന്റ് നേടുന്ന ആളാണ് ജേതാവ്. ഒരു വിജയത്തിന് ഒരു പോയിന്റും സമനിലക്ക് അര പോയിന്റുമാണ് ലഭിക്കുക.
14 റൗണ്ടുകള്‍ അവസാനിക്കുമ്പോഴും മത്സരം സമനില ആവുകയാണെങ്കില്‍ അടുത്ത ദിവസം ടൈബ്രേക്ക് നടത്തിയായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.
കിരീടം നേടിയാല്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ നേട്ടത്തെ ഡി.ഗുകേഷ് മറികടക്കും. കാത്തിരിക്കാം.. കറുപ്പും വെളുപ്പും കളങ്ങളില്‍ കാലം കാത്തുവെച്ച അദ്ഭുതത്തിനായി.