ദുബായ്: ഐസിസിയുടെ 2024ലെ മികച്ച ഏകദിന വനിതാ താരമായി ഇന്ത്യയുടെ സ്മൃതി മന്ധാന. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ നാല് സെഞ്ച്വറികളടക്കം അടിച്ചുകൂട്ടി കത്തും ഫോമിലായിരുന്നു സ്മൃതി. ടെസ്റ്റിലും കഴിഞ്ഞ വര്‍ഷം താരം സെഞ്ച്വറിയടിച്ചിരുന്നു.
ജൂണില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ തുടരെ രണ്ട് സെഞ്ച്വറികളും നേടിയിരുന്നു. ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെയും പിന്നാലെ ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേയും താരം സെഞ്ച്വറിയടിച്ചു.2024ല്‍ 13 ഇന്നിങ്‌സുകളില്‍ നിന്നു 4 സെഞ്ച്വറികളടക്കം സ്മൃതി 747 റണ്‍സ് അടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരവും സ്മൃതി തന്നെ. 57.86 ആണ് ആവറേജ്. 95.15 ആണ് സ്‌ട്രൈക്ക് റേറ്റ്.
ഒരു കലണ്ടര്‍ വര്‍ഷം വനിതാ ഏകദിനത്തില്‍ നാല് സെഞ്ച്വറികള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന അനുപമ റെക്കോര്‍ഡും കഴിഞ്ഞ വര്‍ഷം സ്മൃതി സ്വന്തം പേരിലാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 117, 136, ന്യൂസിലന്‍ഡിനെതിരെ 100, ഓസ്‌ട്രേലിയക്കെതിരെ 105 റണ്‍സ് എന്നിവയാണ് താരത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏകദിന സെഞ്ച്വറികള്‍. കരിയറില്‍ ആകെ 10 ഏകദിന സെഞ്ച്വറികളാണ് സ്മൃതി അടിച്ചെടുത്തത്.