ജയ്പൂര്‍: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 210 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ്ങുമായി വണ്ടർബോയ് വൈഭവ് സൂര്യവൻഷിയും യശസ്വി ജയ്സ്വാളും. വെറും 35 പന്തിലാണ് വൈഭവ് സെഞ്ചുറി നേടിയത്.38പന്തിൽ 101 റൺസ് എടുത്താണ് വൈഭവ് പവിലിയൻ കയറിയത്. അപ്പോഴക്കും രാജസ്ഥാന് ഭേദപ്പെട്ട സ്കോർ ആയി.മത്സരത്തിൽ രാജസ്ഥാൻ എട്ട് വിക്കറ്റിന് ഗുജറാത്തിനെ തോൽപിച്ചു. ഇതോടെ ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവൻഷി.ക്രിസ് ഗെയിലിനു ശേഷം ഐപിഎല്ലിൽ അതിവേഗം സെഞ്ചുറി നേടുന്ന താരമായി വൈഭവ്. ഗെയിൽ 30 പന്തിലാണ് സെഞ്ചുറി നേടിയത് ഓപ്പണര്‍മാരായ വൈഭവ് സൂര്യവൻഷിയും യശസ്വി ജയ്‌സ്വാളും തുടക്കം മുതല്‍ തന്നെ ഗുജറാത്ത് ബൗളര്‍മാര്‍ക്ക് എതിരെ ആക്രമണം അഴിച്ചുവിട്ടു.
നേരിട്ട രണ്ടാം പന്ത് തന്നെ സിക്‌സര്‍ പറത്തി 14കാരനായ വൈഭവ് രാജസ്ഥാന്‍ ആരാധകരെ ആവേശത്തിലാക്കി. ഇഷാന്ത് ശര്‍മ്മ എറിഞ്ഞ രണ്ടാം ഓവറില്‍ ജയ്‌സ്വാളിനെ പുറത്താക്കാന്‍ ലഭിച്ച അവസരം ബട്‌ലര്‍ കൈവിട്ടു കളഞ്ഞു. അവസാന പന്ത് സിക്‌സര്‍ പറത്തി ജയ്‌സ്വാള്‍ വീണുകിട്ടിയ അവസരം മുതലാക്കി. മൂന്നാം ഓവറില്‍ മുഹമ്മദ് സിറാജിനെതിരെ 3 ബൗണ്ടറികള്‍ നേടിയ ജയ്‌സ്വാള്‍ സ്‌കോറിംഗിന്റെ വേഗം കൂട്ടി. തൊട്ടടുത്ത ഓവറില്‍ ഇഷാന്ത് ശര്‍മ്മയ്‌ക്കെതിരെ മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറികളും നേടി വൈഭവ് കൂടുതല്‍ അപകടകാരിയായി. 28 റണ്‍സാണ് നാലാം ഓവറില്‍ പിറന്നത്. 3.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു.അടുത്ത ഓവറില്‍ വാഷിങ്ടണ്‍ സുന്ദറിനെയും അടിച്ചുതകര്‍ത്തതോടെ 17 പന്തില്‍ നിന്ന് വൈഭവ് അര്‍ധസെഞ്ചുറി തികച്ചു. സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയും താരം സ്വന്തമാക്കി.