വിജയവഴിയില്‍ തിരിച്ചെത്താന്‍ ചെന്നൈ ഇറങ്ങുമ്പോള്‍ ജയം തുടരാന്‍ ബാംഗ്ലൂര്‍. വൈകിട്ട് 7.30ന് ബാംഗ്ലൂരിന്റെ തട്ടകത്തിലാണ് മത്സരം.നാല് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പം.
വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും നല്‍കുന്ന മികച്ച തുടക്കത്തിലാണ് ടീമിന്റെ പ്രതീക്ഷ. മാക്‌സ്‌വെല്ലും ഫോമിലേക്ക് ഉയര്‍ന്നാല്‍ കാര്യങ്ങള്‍ എളുപ്പം. വണിന്ദു ഹസരങ്ക ടീമിനൊപ്പം ചേര്‍ന്നത് ആര്‍സിബിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പര്‍നലും സിറാജും വിക്കറ്റ് കണ്ടെത്തുന്നതും ആശ്വാസമാണ്. എന്നാല്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ബൗളിംഗ് നിര ടീമിന് വെല്ലുവിളിയാണ്.
ഋതുരാജ് ഗെയ്ക്വാദിന്റെയും ഡെവോണ്‍ കോണ്‍വെയുടെയും ഓപ്പണിങ് ചെന്നൈ ഇന്നിംഗ്‌സില്‍ നിര്‍ണായകം.അജിന്‍ക്യ രഹാനെ, മൊയീന്‍ അലി, ശിവം ദുബെ തുടങ്ങി ഫിനിഷിംഗില്‍ ജഡേജയും ധോണിയും അടങ്ങിയ ബാറ്റിംഗ് നിര ശക്തം. ബൗളിംഗിലെ പ്രതിസന്ധി മറികടന്നാല്‍ ആശങ്കയ്ക്ക് വകയില്ല.
നേര്‍ക്കുനേര്‍ കണക്കുകളില്‍ മുന്നിലാണ് ചെന്നൈ. ബാംഗ്ലൂര്‍ 10 തവണയും ചെന്നൈ 19 തവണയും ജയിച്ചപ്പോള്‍ ഒരു മത്സരം ഉപേക്ഷിച്ചു. സീസണില്‍ ചെന്നൈ ആറാമതും ബാംഗ്ലൂര്‍ ഏഴാമതുമാണ്.