ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. രാത്രി എട്ടുമണിക്ക് അഹമ്മദാബാദിലാണ് മത്സരം.
ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ അനുകൂലമായ അഹമ്മദാബാദിലെ പിച്ചില്‍ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ആവേശം ഒട്ടും കുറയില്ല. ഗുജറാത്തില്‍ നിന്നെത്തിയ ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ടീമില്‍ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരടങ്ങിയ ബാറ്റിങ് നിര ശക്തം.
ജസ്പ്രീത് ബുംറ, ദില്‍ഷന്‍ മധുശനക എന്നിവര്‍ ഉള്‍പ്പെടുന്ന ബൗളിങ് നിരയും ടീമിന് പ്രതീക്ഷ നല്‍കുന്നു. മറുവശത്ത് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സില്‍ കെയിന്‍ വില്യംസണ്‍, വൃ്ദ്ധിമാന്‍ സാഹ, ഡേവിഡ് മില്ലര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ബാറ്റിങ് നിരയാണ് കരുത്ത്.
ഉമേഷ് യാദവ്, റാഷിദ് ഖാന്‍, അസ്മത്തുള്ള ഒമര്‍സായ് എന്നിവരുള്‍പ്പെടുന്ന ബൗളിങ് നിരയും പ്രതീക്ഷ നല്‍കുന്നു. നാല് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ടുതവണ വീതം ഇരു ടീമുകളും ജയിച്ചിരുന്നു. നേരത്തെ നായക സ്ഥാനത്തുനിന്ന് രോഹിത്തിനെ മാറ്റിയതില്‍ മുംബൈ അരാധകര്‍ക്കിടയില്‍ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു.
ഹര്‍ദിക്ക് മുംബൈയിലേക്ക് പോയപ്പോഴാണ് ശുഭ്മാന്‍ ഗില്‍ ഗുജറാത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയത്. പുതിയ നായകന്‍മാരുടെ കീഴില്‍ ഇരുടീമും ഇറങ്ങുമ്പോള്‍ മികച്ച മത്സരം പ്രതീക്ഷിക്കുകയാണ് ആരാധകരും.