ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രാത്രി ഏഴരയ്ക്ക് മുംബൈയിലാണ് മത്സരം. വിജയം തുടരാന്‍ രാജസ്ഥാനിറങ്ങുമ്പോള്‍ സീസണിലെ ആദ്യ ജയമാണ് മുംബൈ ലക്ഷ്യമിടുന്നത്.
പുതിയ സീസണില്‍ വിജയവഴിയിലെത്താന്‍ പാടുപെടുന്ന മുംബൈക്ക് വാങ്കെഡെയില്‍ നിര്‍ണായക മത്സരമാണ്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ രാജസ്ഥാനാണ് എതിരാളികള്‍. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ കരുത്തരായ താരങ്ങളുണ്ടെങ്കിലും കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ടു.
ബാറ്റിങ്ങില്‍ രോഹിത് ശര്‍മ്മയും, തിലക് വര്‍മ്മയും, ടിം ഡേവിഡും ഇഷാന്‍ കിഷനും, ബ്രവിസും പ്രതീക്ഷ നല്‍കുമ്പോള്‍. ഓള്‍റൗണ്ട് നിരയില്‍ ഹര്‍ദിക് തന്നെയാണ് കരുത്ത്. ജസ്പ്രീത് ബുംമ്ര നയിക്കുന്ന ബൗളിങ് നിരയില്‍ ജെറാള്‍ഡ് കോട്സിയും പിയൂഷ് ചൗളയും എതിരാളികള്‍ക്ക് വെല്ലുവിളിയായേക്കും.
രോഹിത്തിനെ നായക സ്ഥാനത്ത് നിന്ന് നീക്കിയതുമായി ബന്ധപ്പെട്ടുള്ള അതൃപ്തി ടീമിനുള്ളില്‍ ശക്തമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വാങ്കെഡെയില്‍ ഹര്‍ദിക്കിന് സമ്മര്‍ദമേറും. മികച്ച ഫോം തുടരുന്ന രാജസ്ഥാന്‍, കളിച്ച രണ്ടുമത്സരങ്ങളും ജയിച്ചു.
നായകന്‍ സഞ്ജു സാസണും റിയാന്‍ പരാഗും, യശ്വസി ജയ്സ്വാളും, ഹിറ്റ്മെയറും മികച്ച പ്രകടനം പുറത്തെടുക്കുന്നവര്‍. മധ്യനിരയില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തായി അശ്വിന്‍. ബൗളിങ്ങില്‍ ട്രന്റ് ബോള്‍ട്ടും, ചഹലും സന്ദിപ് ശര്‍മ്മയും കൂടി ചേരുമ്പോള്‍ ആശങ്ക തീരെയില്ല രാജസ്ഥാന്. ഇതുവരെ 28 തവണ ഇരു ടീമും മുഖാമുഖം വന്നപ്പോള്‍ 15 മത്സരങ്ങള്‍ മുംബൈയും 12 മത്സരങ്ങള്‍ രാജസ്ഥാനും ജയിച്ചിരുന്നു.