ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് പഞ്ചാബ് കിങ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. രാത്രി ഏഴരയ്ക്ക് മൊഹാലിയിലാണ് മത്സരം. മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്.
സീസണിലെ അഞ്ചാം മത്സരം കളിക്കാനിറങ്ങുമ്പോള്‍ രണ്ടു ജയവുമായി ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന താരങ്ങളാണ് ഹൈദരാബാദിന്റെ കരുത്ത്. ഹെയിന്‍ റിച്ച് ക്ലാസെന്‍, മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ് എന്നിവരാണ് ബാറ്റിങ്ങില്‍ പ്രതീക്ഷ. മധ്യനിരയില്‍ സ്‌കോറുയര്‍ത്താന്‍ എയ്ഡന്‍ മാര്‍ക്രം.
നായകന്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന ബൗളിങ് നിരയില്‍ ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ടെ എന്നിവര്‍ പഞ്ചാബിന് വെല്ലുവിളിയുയര്‍ത്തും. ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് നിരയില്‍ ധവാനൊപ്പം ലിവിങ്സ്റ്റണ്‍, പ്രഭ്സിമ്രാന്‍ സിംങ്, ജിതേഷ് ശര്‍മ്മ തുടങ്ങിയവരാണ് ടീമിന്റെ കരുത്ത്.
മധ്യ നിരയില്‍ സാം കരണും, ജോണി ബെയര്‍സ്റ്റോയും സ്‌കോറുയര്‍ത്താന്‍ സഹായിക്കും. ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിംങ് തന്നെയാണ് നെടുംതൂണ്‍, സാം കരണും, കാഗീസോ റബദയും ചേരുമ്പോള്‍ ടീം ശക്തം. സ്വന്തം തട്ടകത്തിലിറങ്ങുമ്പോള്‍ പഞ്ചാബിന് തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ പേസിനെ തുണയ്ക്കുന്ന മൊഹാലിയിലെ പിച്ചില്‍ തന്ത്രങ്ങള്‍ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് സണ്‍റൈസേഴ്സ്.