ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും രാത്രി ഏഴരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം. ജയത്തോടെ പോയിന്റ് നില മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്
മികച്ച താരങ്ങളുണ്ടായിട്ടും ഭേദപ്പെട്ട പ്രകടനം നിലനിര്‍ത്താന്‍ ഗുജറാത്തിന് കഴിഞ്ഞിട്ടില്ല. കളിച്ച ആറ് മത്സരങ്ങളില്‍ മൂന്ന് മത്സരം മാത്രമാണ് ടീമിന് ജയിക്കാനായത്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ഡല്‍ഹിക്കെതിരെയിറങ്ങുന്നത്.
ബാറ്റിങ് നിരയില്‍ മികച്ച ഫോം തുടരുന്ന നായകന്‍ ശുഭ്മാന്‍ ഗില്‍ തന്നെയാണ് നെടുംതൂണ്‍. സായ് സുദര്‍ശനും കെയിന്‍ വില്യംസണും, ഡേവിഡ് മില്ലറും, വൃദ്ധിമാന്‍ സാഹയും പ്രതീക്ഷ നല്‍കുന്നു. മധ്യനിരയില്‍ അസ്മത്തുള്ള ഒമര്‍സായിയും രാഹുല്‍ തെവാട്ടിയയും കരുത്തുകാട്ടും.
ബൗളിങ്ങില്‍ റാഷിദ് ഖാനും, മോഹിത് ശര്‍മ്മയും, ഉമേഷ് യാദവും എതിരാളികള്‍ക്ക് വെല്ലുവിളിയായേക്കും. കഴിഞ്ഞ മത്സരത്തില്‍ ലക്‌നൗവിനെ തകര്‍ത്ത പ്രകടനം തുടരാനുറച്ചാണ് ഡല്‍ഹി ഇറങ്ങുന്നത്. ആറുമത്സരങ്ങളില്‍ നിന്ന് രണ്ടുജയം മാത്രമാണ് ടീമിന് ഇതുവരെ നേടാനായത്.
ഋഷഭ് പന്ത് നയിക്കുന്ന ടീമില്‍ പന്തിനൊപ്പം ഡേവിഡ് വാര്‍ണര്‍, പ്രിഥി ഷാ, ട്രിസ്റ്റന്‍ സ്റ്റബ്സ്, ജേക്ക് ഫ്രേസര്‍ എന്നിവര്‍ ചേരുമ്പോള്‍ ബാറ്റിങ് നിര ശക്തം. ഓള്‍ റൗണ്ടര്‍ നിരയില്‍ അക്സര്‍ പട്ടേല്‍, മിച്ചല്‍ മാര്‍ഷ്. ബൗളിങ്ങില്‍ കുല്‍ദീപ് യാദവ്, ഖാലി അഹമ്മദ്, ഇഷാന്ത് ശര്‍മ്മ എന്നിവരും ഭീഷണിയാകും.
ഇരു ടീമുകളും ഇതുവരെ മൂന്ന് മത്സരങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടുമത്സരങ്ങളിലും ഗുജറാത്തിനായിരുന്നു ജയം. ഒരു മത്സരം ഡല്‍ഹി ജയിച്ചു. ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ അനുകൂലമായേക്കുമെന്ന് പ്രതീക്ഷിക്കുന്ന പിച്ചില്‍ ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ ആവേശകരമായ മത്സരം പ്രതീക്ഷിക്കുകയാണ് ആരാധകരും.