ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് പഞ്ചാബ് കിംഗ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രാത്രി ഏഴരയ്ക്ക് മൊഹാലിയിലാണ് മത്സരം. വിജയവഴിയില്‍ തിരിച്ചെത്തുക ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നുത്.
പോയിന്റ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ മുംബൈക്കും പഞ്ചാബിനും ജയം അനിവാര്യമാണ്. ആറുമത്സരങ്ങളില്‍ നിന്ന് രണ്ടുജയം മാത്രമാണ് ഇരുടീമിനും നേടാനായത്. മികച്ച താരങ്ങളുണ്ടായിട്ടും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാത്തതാണ് മുംബൈ നേരിടുന്ന പ്രതിസന്ധി. രോഹിത്ത് ശര്‍മ്മയും, ഇഷാന്‍ കിഷനും, സൂര്യകുമാര്‍ യാദവും, ടിം ഡേവിഡിം ചേരുമ്പോള്‍ ബാറ്റിങ്ങ് നിര ശക്തം.
നായകന്‍ ഹര്‍ദിക്ക് പാണ്ഡ്യ മധ്യനിരയില്‍ പ്രതീക്ഷ നല്‍കുന്നു. ബൗളിങ്ങില്‍ ജസ്പ്രീത് ബുംമ്ര തന്നെയാണ് കുന്തമുന. ഹര്‍ദിക് പാണ്ഡ്യയും ജെറാള്‍ഡ് കോട്സിയും കളം നിറഞ്ഞാല്‍ മുംബൈക്ക് ആശങ്ക വേണ്ട. വിജയത്തോടെ സീസണ്‍ ആരംഭിച്ചെങ്കിലും പഞ്ചാബും സമാനമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
നായകന്‍ ശിഖര്‍ ധവാനൊപ്പം ലിവിങ്സ്റ്റണ്‍, പ്രഭ്‌സിമ്രാന്‍ സിംങ്, ജിതേഷ് ശര്‍മ്മ തുടങ്ങിയവരാണ് ബാറ്റിങ്ങില്‍ കരുത്ത്. മധ്യ നിരയില്‍ സാം കരണും, ജോണി ബെയര്‍സ്റ്റോയും സ്‌കോറുയര്‍ത്തും. ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിംങ് തന്നെയാണ് നെടുംതൂണ്‍, സാം കരണും, കാഗീസോ റബദയും ഹര്‍ഷല്‍ പട്ടേലും ചേരുമ്പോള്‍ മുംബൈക്ക് ഭീഷണിയായേക്കും. ഇരുടീമുകളും മുപ്പത്തിയൊന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ മുംബൈ 16 മത്സരങ്ങളും പഞ്ചാബ് 15 മത്സരങ്ങളും ജയിച്ചിട്ടുണ്ട്.