ഇന്ത്യന്‍ പ്രമീയര്‍ ലീഗില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി ഏഴരയ്ക്ക് ചെന്നൈയിലാണ് മത്സരം. വിജയവഴിയില്‍ തിരിച്ചെത്തുക ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുക.
കഴിഞ്ഞ രണ്ടുമത്സരങ്ങള്‍ പരാജയപ്പെട്ട ചെന്നൈ ഹൈദരാബാദിനെതിരെയിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നുമില്ല. ബാറ്റിങ്ങില്‍ നായകന്‍ ഋതുരാജ് ഗെയ്ഗ്വാതും, ശിവം ദുബെയും രച്ചിന്‍ രവീന്ദ്രയും, എംഎസ് ധോനിയുമാണ് ടീമിന്റെ പ്രതീക്ഷ.
അജിങ്ക്യ രഹാനയും രവീന്ദ്ര ജഡേജയും സ്‌കോറുയര്‍ത്താന്‍ കരുത്തുള്ളവര്‍. ബൗളിങ്ങ് നിരയില്‍ മതീശ പതിരണയും ദീപക് ചാഹറും, രവീന്ദ്ര ജഡേജയും ടീമിന് പ്രതീക്ഷ നല്‍കുന്നു. ഇതുവരെ എട്ട് മത്സരങ്ങള്‍ കളിച്ച ചൈന്നൈ നാല് തവണ ജയിച്ചിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ ബംഗളുരുവിനോട് പരാജയപ്പെട്ട ഹൈദരാബാദും ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയമാണ് ടീമിനുള്ളത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച ഫോം തുടരുന്ന താരങ്ങളാണ് ഹൈദരാബാദിന്റെ പ്രതീക്ഷ. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ ട്രാവിസ് ഹെഡും, ഹെയിന്‍ റിച്ച് ക്ലാസെനും, മായങ്ക് അഗര്‍വാളും, അഭിഷേക് ശര്‍മ്മയും
ചേരുമ്പോള്‍ ബാറ്റിങ് നിര ശക്തം. മധ്യനിരയില്‍ കരുത്തായുളളത് എയ്ഡന്‍ മാര്‍ക്രം. പാറ്റ് കമ്മിന്‍സിനൊപ്പം ബൗളിങ് നിരയില്‍ ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ടെ എന്നിവരും ചേരുമ്പോള്‍ ചെന്നൈക്ക് ഭീഷണിയായേക്കും. ഇതുവരെ ഇരുപത് മത്സരങ്ങള്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ പതിനാലും ഹൈദരാബാദ് ആറ് മത്സരവും ജയിച്ചിട്ടുണ്ട്.