കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ പന്ത്രണ്ടാം പതിപ്പിന് ഈ മാസം 27ന് തുടക്കമാകും. മഞ്ചേരിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഗോകുലം കേരള എഫ്.സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും.
കോര്‍പ്പറേറ്റ് എന്‍ട്രിയിലൂടെ ഇന്റര്‍ കേരള എഫ്.സി എന്ന പുതിയ ടീമും ഈ സീസണില്‍ കളത്തില്‍ ഇറങ്ങും. 14 ടീമുകള്‍ പ്രാഥമിക റൗണ്ടില്‍ സിംഗിള്‍ ലെഗ് ലീഗ് ഫോര്‍മാറ്റില്‍ മത്സരിക്കും. ഇവരില്‍ നിന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നാല് ടീമുകള്‍ സെമിഫൈനലിലേക്ക് യോഗ്യത നേടും.
തുടര്‍ന്ന് ഫൈനലില്‍ വിജയിക്കുന്ന ടീമിനെ ഐ ലീഗ് മൂന്നാം ഡിവിഷനിലേക്ക് നാമനിര്‍ദ്ദേശം ചെയ്യും. മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയങ്ങളിലായി 94 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ അരങ്ങേറുകയെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ പറഞ്ഞു.