ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് കിരീട പോരാട്ടം. ഫൈനലില്‍ കരുത്തരായ ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദുബായിലാണ് മത്സരം. മൂന്നാം കിരീടത്തിനായി ഇന്ത്യയിറങ്ങുമ്പോള്‍ രണ്ടാംകിരീടമാണ് കിവീസ് ലക്ഷ്യമിടുന്നത്.
കരുത്തരായ ടീമുകളുടെ കലാശപ്പോരിനാണ് ദുബായ് ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയം സാക്ഷിയാകുന്നത്. തോല്‍വിയറിയാതെ ഫൈനലിലെത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ ഇറങ്ങുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മികച്ച ഫോമിലുള്ള താരങ്ങളാണ് ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്ത്.
ബാറ്റിങ്ങില്‍ രോഹിതിനൊപ്പം ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ പ്രതീക്ഷ നല്‍കുമ്പോള്‍ മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ ഉള്‍പ്പെടെ താരങ്ങള്‍ ബൗളിങ്ങിലും കരുത്തേകും. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ ടീമില്‍ കൂടുതല്‍ സ്പിന്നര്‍മാരെ പരീക്ഷിക്കാനും സാധ്യതയുണ്ട്. ഇതേ പിച്ചില്‍ കിവീസിനെ തോല്‍പ്പിക്കാനായതും ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. മറുവശത്ത് ഏത് ഘട്ടത്തിലും ടീമിന് കരുത്താകുന്ന താരങ്ങളാണ് ന്യൂസിലാന്‍ഡിനുളളത്.
മിച്ചല്‍ സാന്റനര്‍ നയിക്കുന്ന ടീമില്‍ കെയിന്‍ വില്യംസണ്‍, ഡാരി മിച്ചല്‍, വില്‍ യംഗ്, രച്ചിന്‍ രവീന്ദ്ര തുടങ്ങിയവരാണ് ബാറ്റിങ് കരുത്ത്. സ്റ്റാര്‍ ബൗളറായ മാറ്റ് ഹെന്റിയുടെ പരിക്കാണ് ടീം നേരിടുന്ന പ്രതിസന്ധി. എന്നിരുന്നാലും ഗ്ലെന്‍ ഫിലിപ്പ് ഉള്‍പ്പെടെ താരങ്ങള്‍ ബൗളിങ്ങില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇരു ടീമുകളും രണ്ടായിരത്തില്‍ നടന്ന ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ന്യൂസിലാന്‍ഡിനൊപ്പമായിരുന്നു.
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ന്യൂസീലന്‍ഡിന്റെ ഒരേയൊരു ഐ.സി.സി. കിരീടവും കൂടിയാണത്. 25 വര്‍ഷത്തിനിപ്പുറം ഫൈനലില്‍ ഇരുടീമും ഏറ്റുമുട്ടുമ്പോള്‍ വാശിയേറിയ പോരാട്ടം തന്നെയാകുമെന്നതില്‍ സംശയമില്ല. സ്ലോ പിച്ചിലെ പ്രകടനവും നിര്‍ണായകും. കിരീടം ലക്ഷ്യമിട്ട് ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടുമ്പോള്‍ മികച്ച മത്സരം പ്രതീക്ഷിക്കുകയാണ് ആരാധകരും.