രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റായി കിര്‍സ്റ്റി കോവെന്‍ട്രിയെ തിരഞ്ഞെടുത്തു. ഐഒസിയുടെ അധ്യക്ഷസ്ഥാനത്ത് ചരിത്രത്തില്‍ ആദ്യമായി എത്തുന്ന വനിതയും ആദ്യ ആഫ്രിക്കക്കാരിയും കൂടിയാണ് കിര്‍സ്റ്റി. ഐഒസിയുടെ പത്താമത്തെ പ്രസിഡന്റും, ഏറ്റവും പ്രായകുറഞ്ഞ പ്രസിഡന്റെന്ന ബഹുമതിയും കിര്‍സ്റ്റി സ്വന്തമാക്കി.
സിംബാബ്വേയുടെ കായികമന്ത്രിയും മുന്‍ നീന്തല്‍ താരവുമായ കിര്‍സ്റ്റി അടക്കം ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നത്. 109 ഐഒസി അംഗങ്ങളില്‍ 97 പേര്‍ വോട്ടുചെയ്ത തിരഞ്ഞെടുപ്പില്‍ 49 വോട്ട് നേടിയാണ് കിര്‍സ്റ്റിയുടെ ജയം. 12 വര്‍ഷത്തിന് ശേഷം സ്ഥാനമൊഴിയുന്ന ജര്‍മന്‍കാരനായ നിലവിലെ പ്രസിഡന്റ് തോമസ് ബാക്കിന്റെ പിന്‍ഗാമിയായി ജൂണ്‍ 23നാണ് കിര്‍സ്റ്റി ചുമതല ഏല്‍ക്കുന്നത്. എട്ട് വര്‍ഷമാണ് കാലാവധി.