ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനെട്ടാം സീസണിന് ഇന്ന് തുടക്കമാകും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഉദ്ഘാടന ചടങ്ങുകളും ആദ്യ മത്സരവും നടക്കുക. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് ഐ പി എല്‍ പതിനെട്ടാം സീസണ്‍ തുടക്കംകുറിക്കുന്നത്.
വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. മത്സരത്തിന് മുന്‍പ് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളും രാജ്യത്തെ പ്രധാന ഗായകരും അണിനിരക്കും. കൊല്‍ക്കത്തയ്ക്ക് പുറമെ ഐപിഎല്ലിന് വേദിയാവുന്ന 13 സ്റ്റേഡിയങ്ങളിലും ആദ്യ മത്സരത്തിന് മുന്‍പ് കലാവിരുന്ന് നടത്തും.
ഉദ്ഘാടന മത്സരം അരങ്ങേറുന്ന ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം ഉള്‍പ്പെടുന്ന കൊല്‍ക്കത്തയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടന്നതാണ് നിലവിലെ പ്രതിസന്ധി. കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പാണ്. മഴ വില്ലനാവുകയാണെങ്കില്‍ ഉദ്ഘാടന മത്സരം ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ആരാധകരും സംഘാടകരും.