ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. നാല് വിക്കറ്റിനാണ് ചെന്നൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണെടുത്തത്. 31 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. 156 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അഞ്ച് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.
പുറത്താകാതെ 65 റണ്‍സെടുത്ത രച്ചിന്‍ രവീന്ദ്രയുടെയും അര്‍ധസെഞ്ച്വറി നേടിയ നായകന്‍ റിതുരാജ് ഗെയ്ഗ്വാദിന്റെയും പ്രകടനം വിജയത്തില്‍ നിര്‍ണായകമായി. തുടക്കത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ചെന്നൈയെ മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഘ്നേഷ് പുത്തൂര്‍ ആണ് പ്രതിരോധത്തിലാക്കിയത്. രോഹിത് ശര്‍മയ്ക്ക് പകരം ഇംപാക്ട് പ്ലെയറായി ഇറങ്ങിയ വിഘ്നേഷ് ഗെയ്ക്വാദിനെയും ശിവം ദുബെയെയും ദീപക് ഹൂഡയെയും പുറത്താക്കിയിരുന്നു.