ധാക്ക: ബംഗ്ലേശ് ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ തമിം ഇക്ബാലിന് മത്സരത്തിനിടെ ഹൃദയാഘാതം. ധാക്ക പ്രിമിയർ ലീഗിനിടെയാണ് താരത്തിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് മുപ്പത്താറുകാരനായ തമിം ഇക്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൂർണമെന്റിൽ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിന്റെ നായകനായ തമിമിന്, ഷിനെപുകുർ ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ ഫീൽഡ് ചെയ്യുമ്പോഴാണ് വേദന അനുഭവപ്പെട്ടത്. ഗ്രൗണ്ടിൽവച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം താരത്തെ ഉടനെ ആശുപത്രിയിലെത്തിച്ച് ആൻജിയോഗ്രാമിനും ആൻജിയോപ്ലാസ്റ്റിക്കും വിധേയനാക്കി.‘‘മത്സരത്തിനിടെയാണ് നെഞ്ചുവേദനയുണ്ടെന്ന കാര്യം തമിം ഇക്ബാൽ അറിയിച്ചത്. ഉടൻതന്നെ അദ്ദേഹത്തെ പരിശോധിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റി. അവിടെ ഇസിജി ഉൾപ്പെടെ പരിശോധിച്ചു’ – ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസിഷ്യൻ ദേബാശിഷ് ചൗധരി വ്യക്തമാക്കി.