ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ലക്‌നൌ സൂപ്പര്‍ ജയന്റ്‌സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ലക്‌നൗവിലാണ് മത്സരം. സീസണിലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്.
ഏകനാ സ്റ്റേഡിയത്തില്‍ ഇരുടീമും ഏറ്റുമുട്ടുമ്പോള്‍ സീസണിലെ രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്. ആദ്യമത്സരത്തില്‍ ഡല്‍ഹിക്കെതിരെ വീണെങ്കിലും ഹൈദരബാദിനെതിരെ വിജയം നേടാന്‍ ലക്‌നൗവിനായി. ഗുജറാത്തിനെ തകര്‍ത്തായിരുന്നു പഞ്ചാബിന്റെ ആദ്യ ജയം.
പഞ്ചാബ് നിരയില്‍ നായകന്‍ ശ്രേയസ് അയ്യര്‍ തന്നെയാണ് ബാറ്റിങ്ങില്‍ നെടുംതൂണ്‍. പ്രിയാന്‍ഷ് ആര്യ, അസ്മത്തുള്ള ഒമര്‍സായി, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ബാറ്റിങ്ങിലും അര്‍ഷ്ദീപ് സിംഗ്, മാക്രോ ജാന്‍സണ്‍ തുടങ്ങിയവര്‍ ബൗളിങ്ങിലും കരുത്താകും.
റിഷഭ് പന്ത് നയിക്കുന്ന ലക്‌നൗ നിരയില്‍ മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, ഡേവിഡ് മില്ലര്‍ എന്നിവര്‍ ബാറ്റിങ്ങില്‍ പ്രതീക്ഷ. ഷര്‍ദുല്‍ ടാക്കൂര്‍, ദിഗ് വേഷ് സിംഗ,് എം സിദ്ധാര്‍ഥ് എന്നീ താരങ്ങള്‍ ബൗളിങ്ങിലും പ്രതീക്ഷ നല്‍കുന്നു.
സ്വന്തം തട്ടകത്തിലെ മത്സരം ലക്‌നൗ നായകന്‍ റിഷഭ് പന്തിന് നിര്‍ണായകമാണ്.
ആദ്യമത്സരങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ പന്തിന് കഴിഞ്ഞിരുന്നില്ല. മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ ജയത്തിലെത്തിക്കാനാകും പഞ്ചാബിനെതിരെ പന്തിന്റെ ലക്ഷ്യം. ഏകനാ സ്‌റ്റേഡിയത്തിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് ഇരുടീമിനും വെല്ലുവിളിയായേക്കും.